കൊച്ചി : കൊവിഡ് പോസിറ്റീവാകുന്ന വ്യക്തി 14 ദിവസം മുമ്പ് മുതൽ സഞ്ചരിച്ച സ്ഥലങ്ങൾ കണ്ടെത്തി സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ കോൾ ഡേറ്റ റെക്കാഡ് പരിശോധിക്കുകയാണ് ഏക മാർഗമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
പൊലീസ് ശേഖരിക്കുന്ന കോൾ വിവരങ്ങൾ ചോരാനിടയുണ്ടെന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും, കൊവിഡ് രോഗികളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ സർക്കാർ വിശദീകരിച്ചു.
വ്യക്തികളുടെ കോൾ വിവരങ്ങൾ പരിശോധിക്കുന്നതു സ്വകാര്യതയെന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് വാദം. പൊതുജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനാണ് വ്യക്തികളുടെ സ്വകാര്യതയെന്ന അവകാശത്തേക്കാൾ മുൻഗണന. ആദ്യരണ്ടു ഘട്ടങ്ങളിൽ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിനു കഴിഞ്ഞു. മൂന്നാംഘട്ടത്തിലും ദേശീയസാഹചര്യം കണക്കിലെടുത്താൽ ഇവിടെ രോഗവ്യാപനം വളരെക്കുറവാണ്. കൊവിഡ് രോഗികളുടെ സമ്പർക്കങ്ങൾ കണ്ടെത്താനും ക്വാറന്റെയിൻ ചെയ്യാനും കഴിയുന്നതിലൂടെയാണ് ഇതു സാദ്ധ്യമാകുന്നതെന്നും വിശദീകരണത്തിൽ പറയുന്നു. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
വിശദീകരണത്തിൽ നിന്ന് :
ടവർ ലൊക്കേഷനിലൂടെ രോഗിയുടെ പ്രാഥമിക സമ്പർക്കമുൾപ്പെടെ കണ്ടെത്താൻ മാത്രമാണ് കോൾ വിവരങ്ങൾ ഉപയോഗിക്കുന്നത്.
രോഗി സന്ദർശിച്ച സ്ഥലങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ ഇൗ രേഖകൾ നശിപ്പിക്കും.
പകർച്ചവ്യാധി തടയൽ ഭേദഗതി നിയമത്തിൽ സർക്കാരിന് നടപടികൾക്ക് അധികാരമുണ്ട്.
കേന്ദ്ര മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ട്.
ഹർജിക്കാരന് എവിടെ
നിന്നു കിട്ടി ?
ആഗസ്റ്റ് 11 ന് ഡി.ജി.പി സർക്കുലർ ഇറക്കിയെന്ന ഹർജിക്കാരന്റെ വാദം ശരിയല്ല. സർക്കാർ തലത്തിലുള്ള ആശയവിനിമയം മാത്രമാണിത്. സർക്കുലറല്ല. ഇതെവിടെ നിന്നു കിട്ടിയെന്ന് വെളിപ്പെടുത്തണം. ഹർജിക്കാരൻ മാദ്ധ്യമങ്ങളിലൂടെ പൊതുജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയപ്പോഴാണ് പത്രക്കുറിപ്പിറക്കിയത്. ഇതിനെനെതിരെ വ്യാപക പ്രതിഷേധവും പൊതുജനങ്ങളുടെ വിദ്വേഷവുമുണ്ടെന്ന വാദം ശരിയല്ല. ഇതുവരെ പരാതി ലഭിച്ചിട്ടില്ല.