ആലുവ: മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്താനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടൽ റാങ്കിംഗ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓൺ ഇന്നവേഷൻ അച്ചീവ്‌മെന്റ് (എ.ആർ.ഐ.ഐ) സ്വകാര്യ എൻജിനീയറിംഗ് കോളേജ് വിഭാഗത്തിൽ കുഴുവേലിപ്പടി കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജിന് അംഗീകാരം.കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സംഘടിപ്പിച്ച അവാർഡ് പ്രഖ്യാപന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവാണ് അടൽ റാങ്ക് നേടിയ കോളേജുകളുടെ വിവരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പട്ടികയിൽ ആദ്യ 75 റാങ്കിനുള്ളിലാണ് കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജ് അംഗീകാരം നേടിയത്. കേരളത്തിൽ നിന്നും കേന്ദ്രസർവകലാശാല, കേന്ദ്ര സർക്കാർ ഫണ്ടിങ്ങുള്ള സ്ഥാപനങ്ങൾ, സർക്കാർ, എയ്ഡഡ് സർവകലാശാലകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നീ വിഭാഗങ്ങളിൽ ആകെ എട്ട് സ്ഥാപനങ്ങളാണ് അടൽ റാങ്കിംഗ് പട്ടികയിലുണ്ടായത്.
കഴിഞ്ഞവർഷം എം.എച്ച്.ആർ.ഡി ഇന്നവേഷൻ കൗൺസിൽ (എം.ഐ.സി) പുറത്തുവിട്ട ഇന്നവേഷൻ റാങ്കിങ്ങിൽ കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജ് കേരളത്തിൽ നിന്നും 3 സ്റ്റാർ റേറ്റിങ്ങോടെ ഒന്നാമതായിരുന്നു. സാങ്കേതിക രംഗത്ത് ഭാവിയിലെ വാഗ്ദാനങ്ങളായി വിദ്യാർത്ഥികളെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജ് പ്രവർത്തിക്കുന്നതെന്ന് കോളേജ് ഡയറക്ടർ ആൻഡ് പ്രിൻസിപ്പൽ ഡോ: അമർ നിഷാദ് പറഞ്ഞു.