കൊച്ചി: ചെല്ലാനംമുതൽ ഫോർട്ടുകൊച്ചിവരെ തീരത്തിന്റെ സംരക്ഷണത്തിന് ലത്തീൻസഭ കൊച്ചി - ആലപ്പുഴ രൂപതകൾ തയ്യാറാക്കിയ ജനകീയരേഖയുടെ ചർച്ചയും അഭിപ്രായരൂപീകരണവും ഇന്ന് നടക്കും. 3.30മുതൽ 5.30 വരെ നടക്കുന്ന സൂം മീറ്റിംഗ് ചർച്ച കെ.ആർ.എൽ.സി.സി പ്രസിഡന്റും കേരള ലത്തീൻ സഭാദ്ധ്യക്ഷനുമായ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ ആമുഖപ്രഭാഷണം നടത്തും. കോസ്റ്റൽ ഏരിയ ഡവലപ്‌മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ ) തയ്യാറാക്കിയ ജനകീയരേഖ പി.ആർ. കുഞ്ഞച്ചൻ അവതരിപ്പിക്കും. ശാസ്ത്ര, സാമൂഹിക, രാഷ്ട്രീയ, പൊതുരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
വെബിനാർ സാമൂഹ്യമാദ്ധ്യങ്ങളിലും പ്രാദേശിക ചാനലുകളിലും തത്സമയം സംപ്രേഷണം ചെയ്യും. സ്വരൂപിക്കുന്ന ആശയങ്ങൾ സമന്വയിപ്പിച്ച് ജനകീയരേഖ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.