കോതമംഗലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തൃക്കാരിയൂർ സ്ട്രോംഗ്റൂമിൽ സൂക്ഷിച്ച സ്വർണത്തിൽ മുക്കുപണ്ടം കണ്ടെത്തിയ സംഭവത്തിൽ ബോർഡ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം ഇവിടെ കണക്കെടുപ്പ് നടന്നപ്പോൾ കോടനാട് ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന് സൂക്ഷിച്ച സ്വർണത്തിലാണ് ചെമ്പിൽ സ്വർണം പൂശിയവ കണ്ടെത്തിയത്.
ഡെപ്യൂട്ടി കമ്മീഷണറിൽ നിന്ന് ബോർഡ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടനാട് ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ സമർപ്പിക്കപ്പെട്ട താലി, പൊട്ട്, രൂപം തുടങ്ങിയ 30 ഗ്രാമോളം സ്വർണത്തിലെ പതിനൊന്ന് ഗ്രാമിലാണ് ക്രമക്കേട്.
തൃക്കാരിയൂർ ഗ്രൂപ്പിന് കീഴിലുള്ള നൂറിൽ പരം ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളും വഴിപാട് സ്വർണവും, പഞ്ചലോഹവും സൂക്ഷിക്കുന്നത് ദേവസ്വം അസിസ്റ്റന്റ് കമ്മീഷനറുടെ തൃക്കാരിയൂർ ആസ്ഥാനത്തുള്ള സ്ട്രോങ് റൂമിലാണ്.
ഭണ്ഡാരം തുറക്കുമ്പോൾ ലഭിക്കുന്ന സ്വർണവും മറ്റ് വിലപിടിപ്പുള്ളവയും സ്വർണപ്പണിക്കാരെ കൊണ്ട് പരിശോധിപ്പിച്ച് മുദ്രവച്ച് സ്ട്രോംഗ്റൂമിൽ സൂക്ഷിക്കുകയാണ് പതിവ്.
വിവിധ ക്ഷേത്രങ്ങളിലെ സ്വർണവും വെള്ളിയും കണക്കെടുക്കുന്ന പ്രക്രിയയുടെ ഭാഗമായിരുന്നു പരിശോധന. ജീവനക്കാരി കൊവിഡ് നിരീക്ഷണത്തിലായതിനാൽ തൃക്കാരിയൂർ ദേവസ്വം ഓഫീസ് പൂട്ടിയിരിക്കുകയാണ്. ബുധനാഴ്ച വിജിലൻസ് സംഘം എത്തിയെങ്കിലും ഇതുമൂലം പരിശോധന നടന്നില്ല.
2013 ൽ ക്ഷേത്ര ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ നടന്ന പണാപഹരണത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
നഷ്ടപ്പെട്ട സ്വർണത്തിന് പകരം സ്വർണം ദേവസ്വത്തിലെ യൂണിയൻ നേതാക്കൾ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രശ്നം ഒതുക്കി തീർക്കാനും ശ്രമിക്കുന്നുണ്ടെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിന് മുന്നിൽ നാമജപ ധർണയും ഇവർ നടത്തി.
• നടപടി വേണം
ദേവസ്വം തിരുവാഭരണ കമ്മീഷണർ സ്ഥലത്തെത്തി പരിശോധന നടത്തണം. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണം.
വി.എം.മണി
ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി
• സ്ട്രോംഗ് റൂമിൽ തിരിമറിയില്ല
ദേവസ്വം ബോർഡിന്റെ തൃക്കാരിയൂർ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച സ്വർണത്തിൽ തിരിമറി നടന്നിട്ടില്ല. ക്ഷേത്രത്തിൽ നിന്ന് മുദ്രവച്ച് കൊണ്ടുവന്ന സ്വർണം ഇവിടെ സൂക്ഷിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ മുദ്രവച്ച് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
ജയകുമാർ, ദേവസ്വം ഡെപ്യൂട്ടി കമ്മിഷ്ണർ