kaumudi
ആഗസ്റ്റ് മൂന്നിന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

ആലുവ: ഏറെ വിവാദമുണ്ടാക്കിയ മരണമായതിനാൽ വേഗത്തിൽ പരിശോധന ഫലം നൽകാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ചീഫ് കെമിക്കൽ എക്‌സാമിനർക്ക് പൊലീസ് നൽകിയ കത്തും വെറുതെയായി. ഇതേതുടർന്ന് നാണയങ്ങൾ വിഴുങ്ങി മൂന്ന് വയസുകാരൻ മരിച്ചതുമായി ബന്ധപ്പെട്ട് നിലവിൽക്കുന്ന അവ്യക്തത മൂന്നാഴ്ച്ചയായിട്ടും നീക്കാനായില്ല.

ആലുവ കടുങ്ങല്ലൂർ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പൂതകുളം നെല്ലേറ്റിൽ തോണിപ്പാറ ലക്ഷംവീട് കോളനിയിൽ നന്ദിനിയുടെ മകൻ പൃഥ്വിരാജ് കഴിഞ്ഞ രണ്ടിന് പുലർച്ചെയാണ് മരിച്ചത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച കളമശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജൻ നടത്തിയ പോസ്റ്റുമോർട്ടത്തിൽ രണ്ട് നാണയത്തുട്ടുകൾ കുട്ടിയുടെ വൻകുടലിനും താഴെ കണ്ടെത്തിയിരുന്നു.

നാണയങ്ങൾ കടന്നുപോയ ആമാശയത്തിനോ കുടലുകൾക്കോ മുറിവുകളുണ്ടായിട്ടില്ല. അതിനാൽ നാണയത്തുട്ടുകൾ വയറിനകത്ത് കിടന്നതുകൊണ്ട് മാത്രം മരണം സംഭവിക്കില്ലെന്നായിരുന്നു പൊലീസ് സർജൻ വ്യക്തമാക്കിയത്. തുടർന്നാണ് ആന്തരികാവയവങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്കായി കാക്കനാട് ലാബിന് കൈമാറിയത്. മൂന്ന് ആശുപത്രിയിൽ കുട്ടിക്ക് ചികിത്സ നിഷേധിച്ചതാണ് മരണത്തിന് വഴിയൊരുക്കിയതെന്ന് ആരോപണമുണ്ടായതിനാൽ സംഭവത്തിന്റെ ദുരൂഹത നീക്കുന്നതിനാണ് പരിശോധന റിപ്പോർട്ട് വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് ചീഫ് കെമിക്കൽ എക്‌സാമിനർക്ക് കത്ത് നൽകാൻ കാരണം.

സാധാരണഗതിയിൽ പരിശോധനാഫലം ലഭിക്കാൻ മൂന്നാഴ്ചയിലേറെ സമയമെടുക്കാറുണ്ട്. അതിലും വേഗത്തിൽ ലഭിക്കുന്നതിനാണ് പൊലീസ് കത്തും നൽകിയത്. എന്നിട്ടും ഫലുണ്ടായില്ലെന്ന് മാത്രം. ചികിത്സ നിഷേധിച്ചതാണ് കുട്ടിയുടെ മരണകാരണമെന്ന് ആക്ഷേപമുയർന്നതിനാൽ ആന്തരീകാവയവ റിപ്പോർട്ട് എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്നാണ് ഡോക്ടർമാരും ആവശ്യപ്പെടുന്നത്. പരിശോധനാ റിപ്പോർട്ട് ഫോറൻസിക് വിഭാഗത്തിനാകും കൈമാറുക. തുടർന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് നൽകും.

ഇതിനിടെ കൊല്ലത്ത് കുട്ടിയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ആലുവയിൽ തിരിച്ചെത്തിയ കുട്ടിയുടെ മാതാവ് നന്ദിനി, മുത്തശി യശോദ എന്നിവരിൽ നിന്ന് മൊഴിയെടുത്തെന്ന് ബിനാനിപുരം സി.ഐ വി.ആർ. സുനിൽകുമാർ അറിയിച്ചു. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ നിഷേധിച്ചെന്നാണ് കുട്ടിയുടെ മാതാവ് പറയുന്നത്. ഏതെങ്കിലും ആശുപത്രി അധികൃതർ കുട്ടിയെ 24 മണിക്കൂർ നിരീക്ഷണത്തിന് സന്നദ്ധമായിരുന്നെങ്കിൽ മകൻ നഷ്ടപ്പെടില്ലെന്നാണ് മാതാവ് നന്ദിനി പൊലീസിനോട് പറഞ്ഞത്.