തോപ്പുംപടി: നീണ്ട ആറ് മാസത്തെ ഇടവേളക്ക് ശേഷം ചെല്ലാനം, തോപ്പുംപടി തുടങ്ങിയ ഹാർബറുകളിൽ നിന്നും മൽസ്യബന്ധനത്തിന് പോയ ബോട്ടുകളും വള്ളങ്ങളും നിറയെ മീനുകളായി എത്തി. അയല, കരിക്കാടി, കിളിമീൻ, നത്തോലി കൊഴുവ തുടങ്ങിയ മീനുകളുമായാണ് വരവ്.
തോപ്പുംപടി ഹാർബറിൽ നിന്നും പോയ ബോട്ടുകളിൽ 18 എണ്ണമാണ് തിരിച്ചെത്തിയത്. ഓരോന്നിനും 2 മുതൽ 3 ലക്ഷം രൂപ വരെ കച്ചവടം ലഭിച്ചു.
ട്രോൾ നെറ്റ് ബോട്ടുകളാണ് ആദ്യഘട്ടം കടലിലേക്ക് പോയത്.അടുത്ത ദിവസം മുതൽ ഗിൽ നെറ്റ് (വലിയ മീൻ പിടിക്കുന്ന ചൂണ്ട) ബോട്ടുകൾക്കും പോകാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് തോപ്പുംപടി ഹാർബറിൽ നിന്നും മാത്രമാണ് 600 ഗിൽ നെറ്റ് ബോട്ടുകൾ പുറപ്പെടുന്നത്. പല കച്ചവടക്കാരും മുനമ്പം, മുരിക്കും പാടം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് മീൻ എടുക്കുന്നത്. പള്ളുരുത്തി, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ രോഗ വ്യാപനം കൂടിയതിനാലാണ് കച്ചവടക്കാർക്ക് ഭയം.
ചെല്ലാനത്തും, വൈപ്പിനിലും വള്ളക്കാർ വൻതോതിൽ ചാളയും, കൊഴുവയും,അയലയുമായാണ് എത്തുന്നത്.
കിളിമീൻ വില കിലോക്ക് 240 രൂപയായി.ചാളയുടെ വില കൂടിയും കുറഞ്ഞു മാണിരിക്കുന്നത്. കൊഴുവ- 200, വൻതോതിൽ ലഭിച്ചിരുന്ന കോക്കാൻ ചാള കണികാണാനില്ല.
വരും ദിവസങ്ങിൽ കൂടുതൽ ബോട്ടുകൾ വരുന്നതോടെ കൂടുതൽ മീനുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളി സമൂഹം. ഹാർബറുകൾ ഉഷാറായതോടെ അനുബന്ധ തൊഴിലാളികളും ഉൽസവ ലഹരിയാണ്.