കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിലെ 19ാം വാർഡിൽ ഉൾപ്പെടുന്ന വട്ടയ്ക്കാട്ടുപടിയിൽ ഗർഭിണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൈത്രി ജംഗ്ഷന് സമീപം ലൈൻ കെട്ടിടത്തിൽ താമസിക്കുന്ന യുവതിക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് വാർഡ് മെമ്പർ എൻ.എ.അനസ് വ്യക്തമാക്കി. പ്രസവാവശ്യത്തിനായി പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗബാധയുണ്ടെന്ന കാര്യം ബോധ്യമായത്. ഇതേതുടർന്ന് ഇവർ താമസിച്ചിരുന്ന ലൈൻ കെട്ടിടത്തിലെ മറ്റ് താമസക്കാരോട് നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശം നൽകിയതായും വാർഡ് മെമ്പർ പറഞ്ഞു. ഇതേ വാർഡിൽ മറ്റ് 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പ്രദേശം ഏതാനും ദിവസങ്ങളായി മൈക്രോ കണ്ടെയ്ൻമെന്റ് സോണാണ്. രോഗം സ്ഥിരീകരിച്ച കച്ചവടക്കാരനുമായി യുവതിയുടെ ഭർതൃപിതാവ് നേരത്തെ അടുത്ത് ഇടപഴകിയിട്ടുണ്ട്. ഇതുകൂടാതെ ചികിത്സകൾക്കായി ഇവർ പലതവണ പെരുമ്പാവൂർ താലൂക്കാശുപത്രിയിലും സന്ദർശനം നടത്തിയിട്ടുണ്ട്. ഇതിലേതെങ്കിലും വഴിയാകാം ഇവരിലേയ്ക്ക് രോഗം എത്തിയതെന്നാണ് സംശയം.