admission

കൊച്ചി: സാമ്പത്തിക സംവരണവും കാന്റിഡേറ്റ് ലോഗിംഗും വിനയായി, പ്ലസ് വൺ ഏകജാലക പ്രവേശനവും നീളുന്നു. രണ്ടാം തവണയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയുയർന്നു. പല തവണയാണ് പ്രവേശന നടപടികൾക്കായി പ്രോസ്പക്ടസിൽ മാറ്റം വരുത്തുന്നത്.
ഇന്ന് അവസാനിക്കാനിരിക്കെ 25-ാം തീയതി കാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്യാനും അപേക്ഷ സമർപ്പിക്കാനുമുള്ള സമയപരിധി 25 ന് വൈകീട്ട് അഞ്ചു വരെ നീട്ടിയത്. സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കി. അലോട്ട്മെന്റ് അടക്കമുള്ള തീയതികളിൽ മാറ്റമുണ്ടാവും.

സാമ്പത്തിക സംവരണം വിനയാവുന്നു

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള 10 ശതമാനം സീറ്റ് സംബന്ധിച്ച് ഉത്തരവിറങ്ങിയ പശ്ചാത്തലത്തിലാണ് സമയം നീട്ടിയത്. ഇവർ സർട്ടിഫിക്കറ്റുകൾ വില്ലേജ് ഓഫീസിൽ നിന്നാണ് വാങ്ങേണ്ടത്. രേഖകൾ ലഭിക്കാത്തതിനാൽ പലർക്കും ആനുകൂല്യത്തിന് അർഹത ലഭിക്കില്ലെന്നു വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നു.
സംവരണ ഇതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അപേക്ഷകർ മുഴുവൻ സീറ്റുകളിലും ഇല്ലെങ്കിൽ ബാക്കിവരുന്ന സീറ്റുകൾ അവസാന അലോട്ട്‌മെന്റിൽ പൊതു സീറ്റുകളായി പരിഗണിച്ച് അലോട്ട്‌മെന്റ് നടത്താനാണ് തീരുമാനം.

നമ്പർ തെറ്റായവർക്ക് ഇരുട്ടടി

പ്രവേശന സമയത്ത് മൊബൈൽ നമ്പറുകൾ തെറ്റായി രേഖപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് കാന്റിഡേറ്റ് ലോഗിൻ വിനയായി. തെറ്റായ വിവരങ്ങൾ നൽകിയവരും പാതി വഴിയിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാതെയും പോയവരുമുണ്ട്. ക്യാൻഡിഡേറ്റ് ലോഗിൻ ചെയ്യാൻ ആവശ്യമായ വിവരങ്ങൾ മൊബൈൽ നമ്പർ, ജനനതിയതി, സ്‌കീം, രജിസ്റ്റർ നമ്പർ എന്നിവ അഡ്മിഷൻ സെല്ലിന് മാത്രമേ തിരുത്താൻ സാധിക്കൂ. ഇതിന് അപേക്ഷ സമർപ്പിച്ചാലും പാസ് വേഡ് ബ്ലോക്കായ കുട്ടികൾക്ക് 72 മണിക്കൂർ കഴിഞ്ഞാൽ വീണ്ടും അൺബ്ലോക്കാവൂ. അതിനു ശേഷമേ പ്രവേശനം പൂർത്തിയാക്കാൻ കഴിയൂ.