കൊച്ചി : ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്കും കൊവിഡ് വ്യാപനം തടയുന്നതിനും എറണാകുളം സൗത്ത് റെയിൽവെ സ്‌റ്റേഷനിൽ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് നൽകിയ തെർമൽ കാമറകളും ആധുനിക ടിക്കറ്റ് പരിശോധനാ സംവിധാനവും പ്രവർത്തനമാരംഭിച്ചു. ജിയോജിത്തിന്റെ ജീവകാരുണ്യ വിഭാഗമായ ജിയോജിത് ഫൗണ്ടേഷനാണ് സ്റ്റേഷൻ കവാടത്തിൽ ശരീരോഷ്മാവ് നിരീക്ഷിക്കുന്ന തെർമൽ കാമറകൾ സ്ഥാപിച്ചത്. പരിധിയിലധികം ശരീരോഷ്മാവുള്ളവർ ട്രെയിനുകളിൽ കയറുന്നില്ലെന്ന് ഉറപ്പുവരുത്തും.
ശരീരസ്പർശമില്ലാതെ ടിക്കറ്റ് പരിശോധിക്കുന്ന സംവിധാനം ഉറപ്പാക്കിയതായി സന്ദേശത്തോടൊപ്പം ലഭിക്കുന്ന ക്യു.ആർ കോഡ് സ്‌കാൻ ചെയ്താകും യാത്രക്കാരെ ട്രെയിനിൽ കയറ്റുക. ഉദ്ഘാടനച്ചടങ്ങിൽ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എക്‌സിക്യുട്ടീവ് ഡയറക്ടർ എ. ബാലകൃഷ്ണൻ, ജിയോജിത് ഫൗണ്ടേഷൻ സി.ഇ.ഒ ജയ ജേക്കബ് അലക്‌സാണ്ടർ, ജിയോജിത് മാർക്കറ്റിംഗ് വിഭാഗം മേധാവി രമേഷ് കെ.പി, റെയിൽവെ ഏരിയാ മാനേജർ നിഥിൻ നോർബെർട്ട്, സ്‌റ്റേഷൻ മാനേജർ കെ.പി. ബാലകൃഷ്ണപ്പണിക്കർ, ചീഫ് കൊമേഴ്‌സ്യൽ ഇൻസ്‌പെക്ടർ അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.