ആലുവ: ചെറിയ ഒരു ഇടവേളക്ക് ശേഷം ആലുവ ലാർജ് ക്ളസ്റ്ററിൽ ഇന്നലെ 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് രോഗവ്യാപനം നിയന്ത്രണ വിധേയമായിരുന്ന ആലുവയിൽ വീണ്ടും രോഗികൾ കൂടിയത് ആശങ്കയുണ്ടാക്കുകയാണ്. ആലുവ നഗരത്തിൽ താമസിക്കുന്ന 12 പേർക്കും ചെങ്ങമനാട് പഞ്ചായത്തിലെ എട്ട് പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കഠിന പ്രയത്നത്തിലൂടെ കൊവിഡ് മുക്ത പഞ്ചായത്തായി മാറിയ കീഴ്മാട് പഞ്ചായത്തിൽ ഇന്നലെ ഒരു 52 കാരനും രോഗ ബാധിതനായി. എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ രണ്ട് പേർക്ക് എടത്തലയിലും ഇന്നലെ രോഗമുണ്ടായി. കരുമാല്ലൂർ പഞ്ചായത്തിലും ഇന്നലെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു.