കിഴക്കമ്പലം:കുന്നത്തുനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പള്ളിക്കരയിൽ ഇ 3 നീതി സൂപ്പർമാർക്കറ്റ് നാളെ (ശനി) പ്രവർത്തനമാരംഭിക്കും. രാവിലെ 10 ന് എം.എൽ.എ എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. ജംഗ്ഷനിൽ ബാങ്കിനോട് ചേർന്നാണ് പ്രവർത്തനം. 5 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതിയെന്ന് ബാങ്ക് പ്രസിഡന്റ് നിസ്സാർ ഇബ്രാഹിം പറഞ്ഞു. കൂടാതെ കർഷകരിൽ നിന്നു നേരിട്ട് പച്ചക്കറിയും, നാട്ടിലെ ഫ്ളോർ മില്ലുകളിൽ നിന്ന് ശേഖരിക്കുന്ന വെളിച്ചെണ്ണയും, മുളക്, മല്ലി, മഞ്ഞൾ, മസാല, അരി പൊടികളും, കുടുംബ ശ്രീ ഉല്പന്നങ്ങളും ന്യായവിലക്ക് സംഭരിച്ച് സൂപ്പർ മാർക്ക​റ്റ് വഴി വിൽപന നടത്തും.സ്റ്റേഷനറി, ബേക്കറി ഉല്പന്നങ്ങളും നാടൻ പലഹാരങ്ങളും മിതമായ വിലയിൽ ലഭ്യമാക്കും.അടുത്ത ഘട്ടത്തിൽ മത്സ്യം, മാംസം എന്നിവയുടെ വിൽപനയും ആരംഭിക്കും. പത്ര സമ്മേളനത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.വി വാസു, പി.ഇ കൃഷ്ണൻ, എൽദോ തങ്കച്ചൻ, എം.കെ വേലായുധൻ, വൽസ എൽദോ, കെ.കെ അശോക് കുമാർ,സെക്രട്ടറി സുബിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.