തൃപ്പൂണിത്തുറ: ജനങ്ങൾ അർഹിക്കുന്ന സേവനം വേണ്ട സമയത്ത് അവർക്ക് ലഭ്യമാക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ജനങ്ങൾക്ക് കാത്തിരിക്കുവാൻ സമയമില്ല. ഇത് എല്ലാവരും തിരിച്ചറിയണം. നവീകരിച്ച ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് അദ്ധ്യക്ഷനായിരുന്നു.
ഹൈബി ഈഡൻ എം.പി ശിലാഫലകം അനാച്ഛാദനം ചെയ്തു. എം. സ്വരാജ് എം.എൽ.എ നാടമുറിച്ച് ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ മന്ത്രി കെ. ബാബു മുൻ പഞ്ചായത്ത് പ്രസിഡന്റുമാരെ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജയാ സോമൻ, ജില്ലാ പഞ്ചായത്ത് അംഗം എ.പി. സുഭാഷ്, ബ്ലോക്ക് അംഗം ജയൻ കുന്നേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ.എസ്. ജയകുമാർ, വിനോദ് ചന്ദ്രൻ, തുളസി ദാസപ്പൻ, ബ്ലോക്ക് അംഗങ്ങളായ ഉഷ ധനപാലൻ, ഓമന പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ജയ കേശവദാസ് സ്വാഗതവും സെക്രട്ടറി പി. എസ് രാജൻ നന്ദിയും പറഞ്ഞു.