ആലുവ: ദേശീയപാതയിൽ പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. ചൂർണിക്കര മുട്ടം പുതുവായ് അബ്ദുൽ ഖാദറിന്റെ മകൻ സുനീറാണ് (45) മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി മുട്ടം കവലക്ക് സമീപം റോഡരികിലുള്ള കുറ്റിച്ചെടികൾക്കിടയിലേക്ക് വീണുകിടക്കുന്ന നിലയിലായിരുന്നു സുനീർ. സമീപത്ത് ഇയാൾ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും മറിഞ്ഞ് കിടപ്പുണ്ടായിരുന്നു.
ഇതുവഴി പോയ അന്യസംസ്ഥാനക്കാർ പൊലീസ് ഫ്ളൈയിംഗ് സ്ക്വാഡിനെ വിവരമറിയിച്ചതിനെ തുടർന്ന് ഉടനെ എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. ഇരുചക് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞതാണോ മറ്റേതെങ്കിലും വാഹനം മുട്ടിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏറെനാൾ വിദേശത്തായിരുന്ന സുനീർ അടുത്തിടെയാണ് നാട്ടിലെത്തിയത്. തുടർന്ന് രണ്ടുമാസം മുമ്പ് സ്വകാര്യ ബസ് സർവീസും ആരംഭിച്ചു. മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം കബറടക്കി. മാതാവ്: റാബിയ. ഭാര്യ: ഷമീന. മക്കൾ: സുനൈന, സുഹൈൽ, സുഹാന.