മൂവാറ്റുപുഴ: ടൗൺ വികസനത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ വെള്ളൂർകുന്നം വരെയുള്ള റോഡ് വികസനത്തിനായി മാറാടി, വെള്ളൂർക്കുന്നം വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതിന്റെ സാമൂഹ്യ പ്രത്യാഘാത പഠനത്തിന്റെ ഭാഗമായി സ്ഥലം ഉടമകളുടെ ഹിയറിംഗ് ആരംഭിച്ചു . 2013- ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സുധാര്യതക്കും പുനരധിവാസത്തിനും , പുനസ്ഥാപനത്തിനുള്ള അവകാശനിയമവും 2015- ലെ ചട്ടങ്ങളും അനുശാസിക്കുന്ന രീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. വെള്ളൂർക്കുന്നം, മാറാടി വില്ലേജുകളിലാണ് നിർദ്ധിഷ്ട പദ്ധതി.
മൂവാറ്റുപുഴ നഗരത്തിലെ വർദ്ധിച്ചുവരുന്ന ഗതാഗതകുരുക്ക് നിയന്ത്രിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ മറ്റിടങ്ങളിൽ എത്തിചേരുന്നതിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുമരാമത്ത് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂഉടമകൾക്കും തൽപരകക്ഷികൾക്കും ഉണ്ടാകുന്ന നഷ്ടവും സാമൂഹ്യ പ്രത്യാഘാതവും സംബന്ധിച്ച് റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കുന്നതിനായി മൂവാറ്റുപുഴ താലൂക്ക് ഓഫീസ് കോൺഫ്രൻസ് ഹാളിലാണ് ഹിയറിംഗ് നടന്നത്. എൽദോഎബ്രാഹാം എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ഉഷ ശരീധരൻ, കൺസിലർമാരായ കെ.ബി.ബിനീഷ് കുമർ ,പി.പ്രേംചന്ദ്, ആർ.ഡി.ഒ.ചന്ദ്രശേഖരൻ നായർ റവന്യൂ- പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർതുടങ്ങിയവർ ഹിയറിംഗിൽ പങ്കെടുത്തു.