യാക്കോബായ സഭാ സുന്നഹദോസ് തീരുമാനം

കോലഞ്ചേരി: ഓർത്തഡോക്‌സ് സഭയുമായുളള കൂദാശ ബന്ധങ്ങൾ വിച്ഛേദിക്കാൻ യാക്കോബായ സഭാ സുന്നഹദോസ് തീരുമാനിച്ചു. സഭാ മെത്രാപ്പോലീത്തൻ ട്രസ്​റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം.

ഓർത്തഡോക്‌സ് വിഭാഗം പങ്കെടുക്കുന്ന എക്യുമെനിക്കൽ യോഗങ്ങളിൽ നിന്നും യാക്കോബായ വിഭാഗം വിട്ടുനിൽക്കും.ഇക്കാര്യം വിശദീകരിച്ച് കേരളത്തിലെ മുഴുവൻ ക്രൈസ്തവ സഭാ നേതൃത്വങ്ങൾക്ക് കത്ത് നൽകും.

ആഗോള ഓറിയന്റൽ ഓർത്തഡോക്‌സ് സഭയുടെ കൂട്ടത്തിൽ നിന്നും മലങ്കര ഓർത്തഡോക്‌സ് വിഭാഗത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മേലദ്ധ്യക്ഷനായ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയോട് സുന്നഹദോസ് ശുപാർശ ചെയ്തു. സുപ്രീംകോടതി വിധിക്കെതിരായ പള്ളിപിടുത്തമാണ് ഓർത്തഡോക്‌സ് വിഭാഗം നടത്തുന്നത്. ഇത് തടയാൻ സർക്കാർ ഓർഡിനൻസ് കൊണ്ടു വരണം.

പള്ളികൾ ഇടവക ജനങ്ങളുടേതാണ്. ഇക്കാര്യം കോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് മറികടന്ന് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ സ്വാധീനത്തിന് വഴങ്ങി പല ഭാഗങ്ങളിലും ജില്ലാ ഭരണകൂടവും പൊലീസും യാക്കോബായ വിഭാഗത്തിന്റെ പള്ളികൾ ബലമായി പിടിച്ചെടുക്കുകയാണ്. മുളന്തുരുത്തി പള്ളിയിൽ ക്രൂരമർദനം അഴിച്ച് വിട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് ജുഡീഷ്യൽ അന്വേഷണം നടത്തണം. സഭക്ക് നീതി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ ഉപവാസം നടത്തും. പള്ളികളിൽ പ്രതിഷേധവും റിലേ നിരാഹാര സമരവും ആരംഭിക്കും. മുളന്തുരുത്തി പള്ളിയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാ പള്ളികളിലും പ്രതിഷേധ പരിപാടികൾ നടത്തും.

സുന്നഹദോസ് സെക്രട്ടറി ഡോ.തോമസ് മാർ തീമോത്തിയോസ്, ഡോ.കുര്യാക്കോസ് മാർ ദിയസ്‌കോറസ്, ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ്, ഡോ.മാത്യൂസ് മാർ അന്തിമോസ്, സഭാ ഭാരവാഹികളായ ഫാ സ്ലീബാ പോൾ കോറെപ്പിസ്‌കോപ്പ, സി.കെ.ഷാജി ചുണ്ടയിൽ, പീ​റ്റർ.കെ.ഏലിയാസ്, മോൻസി വാവച്ചൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.