jyothish

കളമശേരി: സ്റ്റേജിലെ വിരുതുകളൊന്നും വഴിയോരത്തെ മീൻകച്ചവടത്തിന് വേണ്ട. കാണികളുടെ മനസറിഞ്ഞാടിയ വേഷങ്ങളഴിച്ച് വെച്ച് ചാളയും അയലയും ചെമ്മീനുമൊക്കെ തൂക്കി നൽകുമ്പോഴും ജ്യോതിഷ് ബാബുവിന്റെയും ജിനേഷ് ബാബുവിന്റെയും മുഖത്ത് സന്തോഷം മാത്രം.

കൊവിഡ് സൃഷ്ടിച്ച ജീവിത പ്രതിസന്ധിയെ അതിജീവിക്കാൻ തെരുവിനെ അരങ്ങാക്കി മീൻ വിൽക്കുകയാണ് ഈ സഹോദരങ്ങൾ. ഇരുവരും ഗായകരാണ്. ഒരാൾ നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട്.

കടുങ്ങല്ലൂർ മുപ്പത്തടം കവലയിലെ സ്ക്കൂളിനടുത്ത് വഴിയരികിൽ രാവിലെ തുടങ്ങുന്ന മീൻ വില്പന ഉച്ചവരെ നീളും.

അല്ലു അർജുൻ അഭിനയിച്ച മൊഴി മാറ്റ സിനിമകളിലും റിലീസിങ്ങിനൊരുങ്ങുന്ന മീനാക്ഷിപുരം എന്ന മലയാള ചിത്രത്തിലും പകൈ എന്ന തമിഴ് ചിത്രത്തിലും ജ്യോതിഷ് ബാബു പാടിയിട്ടുണ്ട്. ആട്ടോമൊബൈൽ ഡിപ്ലോമ കഴിഞ്ഞ് കോതമംഗലം ഐ.ടി.സിയിൽ 5 വർഷം അദ്ധ്യാപകനായിരുന്നു. പാട്ടിനോടുള്ള ഭ്രമം മൂത്ത് കലാരംഗത്ത് സജീവമായി.

കൊച്ചിൻ ഹരിശ്രീ, ആലപ്പുഴ ബ്ളൂഡയമണ്ട്സ്, വോയ്സ് ഒഫ് കൊച്ചിൻ, പാലാ കമ്യൂണിക്കേഷൻസ് തുടങ്ങിയ ട്രൂപ്പുകളിലെ നിറസാന്നിദ്ധ്യമായിരുന്നു.

പ്രധാന ടിവി ഷോകളിൽ പങ്കെടുത്തു. നിരവധി ആൽബങ്ങളിൽ അഭിനയിച്ചു പാടി. ശബരിഗിരിനാഥൻ, എന്റെ സ്വാമിക്കായ് എന്നീ ശ്രദ്ധേയങ്ങളായ ആൽബങ്ങൾക്ക് രചനയും നിർവ്വഹിച്ചു. മലയാളം തമിഴ് ഹിന്ദി ഗാനങ്ങളെല്ലാം ഭംഗിയായി ആലപിക്കുന്ന ജ്യോതിഷ് ചെണ്ടവാദ്യകലാകാരൻ കൂടിയാണ്. കുട്ടികളെ ചെണ്ട പഠിപ്പിക്കുന്നുമുണ്ട്.

ജിതിഷ് ബാബു ഗായകനും സിനിമാറ്റിക് ഡാൻസറുമാണ്. പ്രശസ്ത ട്രൂപ്പുകളിൽ ഗസ്റ്റ് ആർട്ടിസ്റ്റായി പാടുന്നുണ്ട്. പ്രമുഖ ചാനലുകളുടെ നൃത്ത പരിപാടികളിലും സജീവമാണ്.

ലോക് ഡൗൺ വന്നതോടെ വരുമാനം നിലച്ചു. പിടിച്ചു നിൽക്കാൻ വേറെ മാർഗം തെളിയാഞ്ഞതോടെ ആദ്യം പച്ചക്കറിക്കച്ചവടത്തിൽ ഒരു കൈ നോക്കി. ശോഭിക്കുന്നില്ലെന്ന് തോന്നിയപ്പോഴാണ് മീൻകച്ചവടത്തിൽ ഒരു കൈ നോക്കി വിജയിച്ചത്.

ഇത് സ്ഥിരം പരിപാടിയാക്കുമോ എന്ന ചോദ്യത്തിന് അടുത്ത സീസണിൽ കരകയറാനാകുമോന്ന് നോക്കട്ടെ എന്നാണ് ഇരുവരുടെയും കോറസ് മറുപടി.

ജ്യോതിഷിന് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. ജിതീഷിന് ഒരുകുട്ടിയും. അമ്മയുമൊത്ത് കൂട്ടുകുടുംബമായി കഴിയുന്നു. അച്ഛൻ പരേതനായ ബാബു അഭിനയത്തിലും മിമിക്രിയിലും കഴിവു തെളിയിച്ച കലാകാരനാണ്.