ആലുവ: സീപോർട്ട് - എയർപോർട്ട് റോഡിന്റെ ഭാഗമായി നിർമ്മിച്ച മഹിളാലയം - തുരുത്ത്, തുരുത്ത് - ചൊവ്വര പാലങ്ങൾക്ക് ഇടയിൽ ഒന്നര കിലോമീറ്ററോളം റോഡിലെ വ്യാപകമായ കൈയ്യേറ്റം പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടാൽ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആലുവ താലൂക്ക് തഹസിൽദാർ പി.എൻ. അനി 'കേരളകൗമുദി'യോട് പറഞ്ഞു.'കൈയ്യേറ്റം അധികാരികൾ കാണുന്നുണ്ടോ?' എന്ന തലക്കെട്ടിൽ വ്യാഴാഴ്ച്ച 'കേരളകൗമുദി'യിൽ വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാക്കനാട് ആർ.ബി.ഡി.സി ഓഫീസിൽ പലവട്ടം ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഡെപ്യൂട്ടി കളക്ടറായി വിരമിച്ച ശേഷം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരും ആർ.ബി.ഡി.സിയിലുണ്ട്. കൈയ്യേറ്റം സംബന്ധിച്ച് വിവരം തിരക്കിയാൽ ജനറൽ മാനേജരോട് ചോദിക്കാനാണ് ലെയ്സൺ ഓഫീസറുടെ മറുപടി. ജനറൽ മാനേജരെ പലവട്ടം മൊബൈൽ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
അധികാരികൾ ആവശ്യപ്പെട്ടാൽ റോഡ് തിരിച്ചുപിടിക്കും
മഹിളാലയം ഭാഗത്ത് റോഡും പാലവും നിർമ്മിച്ചത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (ആർ.ബി.ഡി.സി) ആണ്. ബന്ധപ്പെട്ടവർ രേഖാമൂലം ആവശ്യപ്പെട്ടാൽ താലൂക്ക് സർവയർമാരെ ഉപയോഗിച്ച് അതിർത്തി നിർണയിച്ച് റോഡ് തിരിച്ചുപിടിക്കുന്നതിന് നടപടിയെടുക്കും. എന്നാൽ ഇത് സംബന്ധിച്ച് യാതൊരാവശ്യവും പി.ഡബ്ല്യു.ഡി ഉന്നയിച്ചിട്ടില്ലെന്നും തഹസിൽദാർ പറഞ്ഞു.
അനധികൃത കച്ചവടവും ഭൂമി വളച്ചുകെട്ടലും
പാലങ്ങൾക്ക് ഇടയിലുള്ള ഭാഗത്താണ് കൈയ്യേറ്റം. പാലങ്ങളിൽ പോലും പകലന്തിയോളം ഐസ്ക്രീം, പായസ കച്ചവടവുമുണ്ട്. അഞ്ച് മീറ്റർ വരെ റോഡിലേക്ക് കയറ്റി റോഡരികത്ത് ഭൂമിയുള്ള ചിലർ നെറ്റ് കെട്ടിയിട്ടുണ്ട്. ടാറിംഗിന്റെ ഇരുവശവും റോഡിനേക്കാൾ കൂടുതൽ സ്ഥലമുള്ളതാണ് കൈയ്യേറ്റത്തിന് പ്രധാന കാരണം. നേരത്തെ ഉടമകളായിരുന്നവർ തന്നെയാണ് സ്വന്തം ഭൂമിയോട് ചേർന്ന് വീണ്ടും വളച്ചുകെട്ടുന്നത്.
കൈയ്യേറ്റം ഒഴിപ്പിക്കണം: യൂത്ത് കോൺഗ്രസ്
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഏറ്റെടുത്ത് നിർമ്മിച്ച സീപോർട്ട് - എയർപോർട്ട് റോഡിൽ മഹളിലായം, തുരുത്ത്, ചൊവ്വര ഭാഗങ്ങളിലെ വ്യാപകമായ കൈയ്യേറ്റം അടിയന്തരമായി ഒഴിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് ആവശ്യപ്പെട്ടു. സർക്കാർ ലക്ഷങ്ങൾ നൽകി ഏറ്റെടുത്ത ഭൂമി പഴയ ഭൂവുടമകൾ തന്നെ വീണ്ടും കൈയ്യേറുന്ന സാഹചര്യമുണ്ടായിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.