കൊച്ചി: അന്യസംസ്ഥാനത്ത് നിന്നുള്ള പൂക്കളുടെ വരവ് തടഞ്ഞുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് ഓൾ കേരള ഫ്ളവർ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഈ ഉത്തരവ് മൂലം ഓണക്കാലത്ത് ലഭിച്ചിരുന്ന ഓർഡറുകളെല്ലാം നഷ്ടമായി.കൊവിഡും പ്രകൃതി ക്ഷോഭവും മൂലം നട്ടം തിരിയുന്ന തങ്ങൾ ഇപ്പോൾ ആത്മഹത്യ മുനമ്പിലാണെന്നും പ്രസിഡന്റ് വി .ജെ .തോമസ് പറഞ്ഞു. ഉത്തരവിൽ പ്രതിഷേധിച്ച് വ്യാപാരികൾ ബുധനാഴ്ച കരിദിനം ആചരിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്ന പച്ചക്കറി, പലവ്യഞ്ജനങ്ങൾക്ക് പ്രശ്‌നമില്ല, പൂക്കൾക്ക് മാത്രം പ്രശ്‌നം എന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. സർക്കാർ പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇതുവരെ പൂ വില്പ നടത്തിയിട്ടുള്ളത്. പൂവിൽ നിന്ന് കൊവിഡ് പകരുന്നുവെന്ന ഏതെങ്കിലും ഏജൻസികളുടെ ശാസ്ത്രീയമായ പിൻബലമുണ്ടെങ്കിൽ തങ്ങൾ അടച്ചിടാൻ തയ്യാറാണ്. മുഖ്യമന്ത്രിയുടെ ഉത്തരവ് പൊതുസമൂഹത്തിന് മുന്നിൽ ഞങ്ങളെ പരിഹാസ്യരാക്കി. ഇത് തങ്ങളെ ഇരുട്ടിൽ നിന്ന് കൂരിരുട്ടിലേക്കാണ് നയിക്കുന്നത്. മുഖ്യമന്ത്രി തെറ്റ് മനസിലാക്കി അനുകൂല നിലപാട് എടുക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. വഴിയോര കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. കച്ചവടത്തിന് ശേഷം അവശിഷ്ടങ്ങൾ വഴിയരികിൽ തന്നെ നിക്ഷേപിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. മാത്രമല്ല പൂക്കൾ വാഹനത്തിൽ നിന്ന് ഇറക്കുന്നതിന് ചുമട്ട് തൊഴിലാളികൾ അമിത കൂലി ഈടാക്കുന്നതായും അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.