കൊച്ചി: പോക്സോ കേസുകളിൽ അന്വേഷണത്തിനും വിചാരണയ്ക്കും കൂടുതൽ മാർഗ നിർദ്ദേശങ്ങൾ നൽകാൻ ഹൈക്കോടതി ഒരുങ്ങുന്നു. അഭിപ്രായം അറിയിക്കാൻ സ്റ്റേറ്റ് പബ്ളിക് പ്രോസിക്യൂട്ടർക്കും കേരള ലീഗൽ സർവീസ് അതോറിറ്റിക്കും സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. പോക്സോ കേസിൽ വിചാരണക്കോടതി ശിക്ഷ വിധിച്ചതിനെതിരെ ആമ്പല്ലൂർ സ്വദേശി അഭിഷേക് നൽകിയ അപ്പീലിലാണ് നടപടി.
അന്വേഷണം, വൈദ്യപരിശോധന, നിയമസഹായം,ശിശു സൗഹൃദാന്തരീക്ഷം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ 2015ൽ മാർഗരേഖ പ്രസിദ്ധീകരിച്ചെങ്കിലും കേരള ലീഗൽ സർവീസ് അതോറിറ്റി പോലും ശ്രദ്ധിച്ചിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കുട്ടികളുടെ പ്രായം സംബന്ധിച്ച തെളിവ് ശേഖരിക്കുന്നതിൽപോലും വീഴ്ച വരുത്തുന്നു. ലൈംഗികാതിക്രമം കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസികാഘാതം സ്ഥാപിക്കാൻ തെളിവുകൾ ശേഖരിക്കാറില്ല. കുട്ടികളുടെ മനോനില വിലയിരുത്തി മൊഴിയുടെ നിജസ്ഥിതി പരിശോധിക്കാൻ ശ്രമിക്കാറില്ല.സർക്കാർ മാർഗരേഖയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്കു പുറമേ കുട്ടിയുടെ താല്പര്യം സംരക്ഷിക്കാൻ അഭിഭാഷകനെ നിയോഗിക്കണമെന്ന് പറയുന്നുണ്ട്. പക്ഷേ, അങ്ങനെ ആരെയും കണ്ടിട്ടില്ല. ആഗസ്റ്റ് 25 ന് ഹർജി പരിഗണിക്കും.