കൊച്ചി: ഡിമാൻഡ് ഉണ്ടായിട്ടും ഒരാഴ്ചക്കിടെ 6 -10 രൂപവരെ കുറഞ്ഞ് റബർവിപണി കൂപ്പുകുത്തുന്നു. നല്ലവില ലഭിക്കേണ്ട ഓഫ് സീസണിലെ വിലയിടിവ് ആസൂത്രിതമെന്നാണ് കർഷകരുടെ ആക്ഷേപം.
ആഴ്ചയുടെ തുടക്കത്തിൽ 135 വരെ എത്തിയ റബർബോർഡ് വില 129 ലേക്കും വ്യാപാരവില 125 ലേക്കുമാണ് ഇടിഞ്ഞത്. ഇതിലും താഴ്ന്ന വിലയാണ് കൃഷിക്കാർക്ക് ലഭിക്കുന്നത്.
കർഷകർക്ക് അൽപ്പമെങ്കിലും ആശ്വാസം പകരാനും കൈത്താങ്ങാകാനും തയ്യാറാകേണ്ട സംസ്ഥാന സർക്കാരും വിലയിടിയ്ക്കൽ പ്രതിഭാസത്തിൽ ഇടപെടുന്നില്ല.
അന്താരാഷ്ട്ര മാർക്കറ്റിൽ വില ഉയർന്നു നിൽക്കുകയാണ്. ടയറിനും റബർ അധിഷ്ഠിത ഉത്പന്നങ്ങൾക്കും വിലയേറുന്നുമുണ്ട്. മാർക്കറ്റിൽ ഡിമാൻഡിനും കുറവില്ല. എന്നിട്ടും വിലയിടിയുന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നത്.
ഇതിനെല്ലാം പുറമേയാണ് റബർ കൃഷിയ്ക്കുള്ള എല്ലാ സബ്സിഡികളും വെട്ടി ചുരുക്കുകയോ, ഇല്ലാതാക്കുകയോകൂടി ചെയ്തിരിക്കുന്നത് .
ആർ.എസ്.എസ്.ഫോറിന്റെ ഇപ്പോഴത്തെ രാജ്യാന്തരവില കണക്കാക്കിയാൽ ഇറക്കുമതിതിരുവയും ട്രാൻസ്പോർട്ടിംഗ് ചാർജും ഉൾപ്പെടെ 150 രൂപയ്ക്ക് മുകളിൽ ലഭിക്കണം.
''കുത്തകകളുടെ കൊടിയ ചൂഷണമാണ് നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അനങ്ങാപ്പാറനയമാണ്. റബർ ബോർഡും നോക്കുകുത്തിയായി. റബർകൃഷി സംരക്ഷിക്കാൻ ഇടപെ
ടേണ്ട സമയമാണിത്.
പി.ടി.ജോസ്. കേരളകോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി.