garuda

കൊച്ചി: കെ.എസ്.ആർ.ടി.സി ബംഗളൂരു സർവീസുകൾക്ക് പുറമേ ചെന്നൈയിലേക്കുള്ള സർവീസും 25 ന് ആരംഭിക്കും. വൈകിട്ട് അഞ്ചിന് സർവീസ് എറണാകുളം ഡിപ്പോയിൽ നിന്ന് പുറപ്പെടും. പിറ്റേന്ന് വൈകിട്ട് തിരിച്ചെത്തും. അന്നേ ദിവസം 4.45 ന് ബംഗളൂരു ബസുകളും പുറപ്പെടും. ചെന്നൈയിൽ അനുദിനം കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങി വരാൻ കാത്തിരിക്കുന്നവർക്ക് സർവീസ് ഉപയോഗ പ്രദമാവും.

ഓൺലൈൻ

ബുക്കിംഗുകൾ ആരംഭിച്ചു

ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും, കണ്ണൂരേക്കുമുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. പാസുകൾ യാത്രക്കാർ തന്നെ എടുക്കണം. നിലവിലെ വ്യവസ്ഥ പ്രകാരം ക്വാറന്റീൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ യാത്രക്കാർക്കു നിർബന്ധമാണ്. അടുത്ത മാസം 7 വരെയുള്ള സർവീസുകളിലേക്കാണു ബുക്കിംഗ്.

ഓണ സീസണിലെ

ആദ്യ സർവീസ്

ആദ്യമായാണ് ഓണത്തിന് കെ.എസ്.ആർ.ടി.സി ചെന്നൈ സർവീസ് നടത്തുന്നത്. നേരത്തെ ഇക്കാര്യം തീരുമാനിച്ചിരുന്നെങ്കിലും തമിഴ്‌നാട് സർക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല.

ഇന്നലെ കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ, തമിഴ്‌നാട് ഡിജിപി, ഗതാഗത സെക്രട്ടറി എന്നിവരുമായി നടത്തിയ ചർച്ചയിലാണു അന്തിമാനുമതി ലഭിച്ചത്. ഇതിനു പിന്നാലെ വെബ്സൈറ്റിൽ ടിക്കറ്റ് ബുക്കിംഗും തുടങ്ങി.

അണുവിട തെറ്റാതെ

നിർദ്ദേശങ്ങൾ പാലിക്കണം

കർശന ജാഗ്രതയിലാണ് സർവീസ്. രണ്ടു സംസ്ഥാനങ്ങളുടെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടിവരും. കൊവിഡ് ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്ത് തമിഴ്നാടിൽ നിന്ന് പാസ് വാങ്ങണം. 14 ദിവസ ക്വാറന്റൈനിൽ കഴിയണം. മടങ്ങിപ്പോവാനും പാസ് നിർബന്ധം. ഇവ പാലിച്ചില്ലെങ്കിൽ പാസുകൾ റദ്ദ് ചെയ്യപ്പെടും. ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ നൽകണം.

മാനദണ്ഡങ്ങൾ കർശനമാക്കും

സർവീസുകൾ വെല്ലുവിളിയാണെങ്കിലും കടുത്ത സുരക്ഷ പാലിച്ച് നിർദ്ദേശങ്ങൾ പാലിച്ചാവും സർവീസ്. അണുവിമുക്തമാക്കിയ വണ്ടികളാണ് ഉപയോഗിക്കുക. രോഗമില്ലെന്ന് ഉറപ്പാക്കിയവരെ മാത്രമേ നാടുകളിലേക്ക് എത്തിക്കൂ. ജീവനക്കാരുടെ സുരക്ഷയും ഉറപ്പാക്കും

വി.എം. താജുദ്ദീൻ

ഡി.ടി.ഒ.

എറണാകുളം ഡിപ്പോ