കോലഞ്ചേരി: മഹാമാരി രാജ്യാതിർത്തികൾ കടന്നെത്തിയപ്പോൾ പരുങ്ങലിലായ ഒരു വിഭാഗമാണ് ആന ഉടമകളും പാപ്പാൻമാരും. ഉത്സവങ്ങളും ആഘോഷങ്ങളും കൊവിഡിന് വഴിമാറിയതോടെ നാട്ടാനകളെല്ലാം എവിടെയായിരുന്നോ അവിടെത്തന്നെ നിൽപ്പാണ്. ഭാരിച്ച ചിലവ് താങ്ങാനാവാതെ ഉടമകൾ പ്രയാസപ്പെടുകയുമാണ്. ആനയ്ക്ക് ഭക്ഷണത്തിനുതന്നെ വലിയ ചിലവ് വരും. കൂടാതെ രണ്ട് പാപ്പാൻമാരുടെ കൂലിയും. എല്ലാംകൂടി ദിവസം കുറഞ്ഞത് 3500 രൂപയെങ്കിലും വേണം. നിത്യേന കുളിപ്പിക്കണം. പ്രതി ദിന വ്യായമത്തിനായി അഞ്ച് കിലോമീറ്ററെങ്കിലും നടത്തിക്കണം. ആനകളിൽ നിന്നുള്ള ആദായം മുഖ്യമായും ക്ഷേത്രോത്സവങ്ങളിൽ നിന്നാണ് ലഭിച്ചിരുന്നത്. ജില്ലയിൽ 22 ലധികം ആനകളുണ്ട്. ആനകളുടെ പരിപാലന ചിലവും വരുമാനവും ഒരിക്കലും ഒത്തു പോകാറില്ല. ആനയെ വളർത്തുന്നത് വരുമാനം നോക്കിയല്ലെന്നും ആന ഉടമകൾ പറയുന്നു.
പനമ്പട്ടയ്ക്ക് പൊള്ളും വില
ഭക്ഷണത്തിന് പനമ്പട്ട നാട്ടിൽ കിട്ടാനില്ലാത്തതിനാൽ കോതമംഗലം, കുട്ടമ്പുഴ ഭാഗങ്ങളിൽ നിന്നും എത്തിക്കുകയാണിപ്പോൾ. ഒരു പനമ്പട്ടയ്ക്ക് 100 രൂപ ചിലവു വരും. ഒരാന പ്രതി ദിനം പത്ത് പനമ്പട്ടയെങ്കിലും കഴിക്കും. കൂടാതെ വീട്ടിൽ പുല്ലു വളർത്തിയും ആനയ്ക്കു നൽകുന്നുണ്ട്. അരി ഭക്ഷണവും ഔഷധക്കൂട്ടും വേറെയും നൽകുമെന്ന് വലമ്പൂർ മഹാദവൻ ആനയുടമ ശരത് ഇടമന പറഞ്ഞു.
കൊവിഡ് തകർത്ത എഴുന്നള്ളിപ്പ്
ആനക്കമ്പക്കാരുടെ ആവേശ കാലമാണ് കൊവിഡ് കൊണ്ടുപോയത്. തലയെടുപ്പുള്ള ആനകളെ എഴുന്നള്ളിപ്പിക്കുന്നതിന് ക്ഷേത്ര കമ്മിറ്റികളും സംഘാടകരും മത്സരിക്കാറുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ആനയുടെ ഏക്കതുക മത്സരത്തിനൊപ്പം ഉടമകൾക്ക് കൂടുതലും ലഭിക്കും. പ്രധാന ക്ഷേത്രത്സവങ്ങളെല്ലാം നടക്കേണ്ട മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അടച്ചിടൽ നിയന്ത്റണങ്ങൾ വന്നതുമുതൽ ആനക്കമ്പക്കാരും നിരാശയിലാണ്.
70 ലധികം ഉത്സവങ്ങൾ നഷ്ടമായി
ആനകളിൽ നിന്നുള്ള ആദായം മുഖ്യമായും ക്ഷേത്രോത്സവങ്ങളിൽ നിന്നാണ് ലഭിച്ചിരുന്നത്. തിടമ്പേറ്റാനും ഉത്സവ വരവുകൾക്ക് അകമ്പടി സേവിക്കാനുമൊക്കെയായി നാലഞ്ചുമാസം തിരക്കിലായിരിക്കും. ഇക്കുറി അതൊന്നുമുണ്ടായില്ല.
ജില്ലയ്ക്കുള്ളിലും പുറത്തുമായി 70 ലധികം ഉത്സവങ്ങളാണ് കൊവിഡു കാലത്ത് നഷ്ടമായത്. വരുന്ന ഉത്സവ കാലമാണ് ഇനി പ്രതീക്ഷ അതു വരെ തീറ്റിപോറ്റുക തന്നെ ചെയ്യുമെന്ന് ഉടമകൾ ഒരേ സ്വരത്തിൽ പറയുന്നു. സർക്കാർ ഇടയ്ക്ക് ഒരു മാസത്തേയ്ക്ക് നൽകിയ റേഷൻ ഒരു പരിധി വരെ വലിയ ആശ്വാസവുമായിരുന്നു ഇവർക്ക്.