തൃപ്പൂണിത്തുറ: കൊവിഡ് പിടിമുറുക്കിയ പശ്ചാത്തലത്തിൽ തൃപ്പൂണിത്തുറയ്ക്ക് ഇന്ന് നിറം മങ്ങിയ അത്തക്കാഴ്ച. ചടങ്ങുകളെല്ലാം ഒഴിവാക്കി രാജഗരയിൽ ചരിത്രം നിമിഷം ഒരു പതാക ഉയർത്തലിലേക്ക് മാത്രം ഒതുങ്ങും. ആദ്യമായാണ് അത്തച്ചമയ ആഘോഷം പൂർണമായും ഒഴിവാക്കുന്നത്. മഹാപ്രളയം കേരളത്തെ മുക്കിയപ്പോഴും അത്തച്ചമയം ചെറിയ ആഘോഷത്തോടെയെങ്കിലും നടത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പതിന് എം.സ്വരാജ് എം.എൽ.എ അത്തപ്പതാക ഉയർത്തും. ഇന്നലെ വൈകിട്ട് രാജകുടുംബത്തിൽ നിന്നും അത്തപ്പതാക നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി ഏറ്റുവാങ്ങി.ഹിൽപാലസിൽ നിന്ന് മുതിർന്ന രാജകുടുംബാംഗം കൈമാറുന്ന പതാക വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് തൃപ്പൂണിത്തുറിയിൽ എത്തിച്ചിരുന്നത്. ഇക്കുറി ഈ ചടങ്ങ് ഒഴിവാക്കി. രാജഭരണകാലത്ത് തുടങ്ങിയ അത്തച്ചമയം ഇപ്പോൾ നഗരസഭയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ചരിത്രകഥ
അത്തച്ചമയത്തെ നിരവധി ഐതിഹ്യങ്ങളുണ്ട്. അതിലൊന്ന് ഇങ്ങനെ. കൊച്ചി രാജാക്കമാർ തൃക്കാക്കര ക്ഷേത്രത്തിൽ ഉത്സവത്തിനു പോകുക പതിവായിരുന്നു. ഒരു ഘട്ടത്തിൽ തൃക്കാക്കര ഇടപ്പള്ളി രാജാവിന്റെ കീഴിലായി. എന്നാൽ ഇടപ്പള്ളി രാജാവ് കോഴിക്കോട് സാമുതിരിയുടെ സഹായിയും ആയിരുന്നു. ശത്രുവായ രാജാവിന്റെ നാട്ടിലെ ക്ഷേത്രത്തിൽ പോകുന്നതിലെ താത്പര്യക്കുറവ് മൂലം ഉത്സവ കാലത്ത് രാജാവ് ചമയങ്ങളോടെ കൊട്ടാരത്തിൽ നിന്നും യാത്ര ആരംഭിക്കും. എന്നാൽ അല്പദൂരം സഞ്ചരിച്ച് തിരിച്ച് എഴുന്നള്ളും. ഈ യാത്രയിൽ പരിവാരങ്ങളും മറ്റും ഉണ്ടായിരുന്നു .ഈ യാത്രയാണ് പിന്നീട് അത്തച്ചമയ ഘോഷയാത്രയായത്രേ. തിരിച്ചെഴുന്നള്ളുന്ന മഹാരാജാവ് കൊട്ടാരത്തിന്റെ പൂമുഖത്തെ വെള്ളി സിംഹാസനത്തിലിരുന്ന് പ്രജകൾക്ക് സമ്മാനങ്ങളും വിഭവസമൃദ്ധമായ ആഹാരവും നൽകിയിരുന്നു.