ആലുവ: നഗരത്തിൽ നാല് നില കെട്ടിടത്തിന്റെ അടിത്തട്ടിൽ നിന്ന് മണ്ണിടിഞ്ഞ സംഭവത്തിൽ കെട്ടിടത്തിന്റെ ബലക്ഷയം പി.ഡബ്ല്യു.ഡിയും ഭൂമിയുടെ പരിശോധന ജിയോളജി വകുപ്പും നടത്തണമെന്നാവശ്യപ്പെട്ട് ആലുവ താലൂക്ക് തഹസിൽദാർ പി.എൻ.അനി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. ഊമൻകുഴിത്തടം വാർഡിൽ കഴിഞ്ഞ ഒമ്പതിന് രാത്രിയാണ് സംഭവം നടന്നത്. മണ്ണിടിഞ്ഞ കെട്ടിടത്തിന്റെ ബലക്ഷയം മാത്രമല്ല ആശങ്ക വർദ്ധിപ്പിക്കുന്നത്.
കെട്ടിടത്തിന്റെ 30 അടിയിലേറെ താഴ്ച്ചയിൽ നിർധനരായ പതിനഞ്ചോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയുണ്ട്. മുകളിൽ നിന്ന് ഇടിഞ്ഞുവീണ മണ്ണ് രണ്ട് കുടുംബങ്ങളുടെ അടുക്കള വരെ വന്ന് പതിച്ചിരുന്നു. നാല് കുടുംബങ്ങളെ അന്ന് തന്നെ മാറ്റി പാർപ്പിച്ചു. സംഭവ ദിവസവും തൊട്ടടുത്ത ദിവസവും നിരവധി ജനപ്രതിനിധികളും നേതാക്കളും സ്ഥലം സന്ദർശിച്ച് പിന്തുണ വാഗ്ദാനം ചെയ്‌തെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കോളനിവാസികൾ പറയുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് പാറമടയായിരുന്ന പ്രദേശമാണ് കോളനിയായി മാറിയത്. മണ്ണിടിഞ്ഞ കെട്ടിടത്തോട് ചേർന്ന് കോൺക്രീറ്റ് ചെയ്ത് കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാതെ ബലപ്പെടുത്താനാണ് നീക്കം.
15 ഓളം വീടുകളുടെയും സുരക്ഷക്കായി സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്താൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തക പ്രീത രവീന്ദ്രൻ ജില്ലാ കളക്ടർക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.