കൊച്ചി: കോർപ്പറേഷനിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടു നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 2018- 19 വർഷത്തെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ളത്. ഓൺലൈൻ നികുതി പിരിവ് നടപ്പാക്കാത്തതിനാൽ ബിൽ കളക്ടർമാർ മുഖേന മാന്വൽ രസീത് ഉപയോഗിച്ചാണ് വീടുകളിലെയും ഓഫീസുകളിലെയും നികുതി പിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പിരിവിൽ വലിയ തോതിലുള്ള ക്രമക്കേടുകളാണ് ഓഡിറ്റ് വിഭാഗം ചുണ്ടിക്കാണിച്ചിട്ടുള്ളത്. രസീത് ബുക്കുകളുടെ അച്ചടി മുതൽ ഓഡിറ്റ് വരെയും അതിനുശേഷമുള്ള പരിപാലനത്തിലും ഗുരുതരമായ അലംഭാവം പുലർത്തിയിരുന്നുവെന്നും പറയുന്നു. ഇതുമൂലം പണാപഹരണം ഉൾപ്പെടെയുള്ള സംഭവങ്ങൾ നിരന്തരം ഉണ്ടാകുന്നു. വർഷങ്ങൾക്ക് മുമ്പ് ഓഡിറ്റ് പരിശോധന കഴിഞ്ഞതും റദ്ദാക്കിയതുമായ രസീതുകൾ നികുതി പിരിവിനായി ദുരുപയോഗം ചെയ്ത് പണംതട്ടിയതായും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
വ്യാജരസീത് കാട്ടി മോഷണവും
മട്ടാഞ്ചേരി ടൗൺ ഹാൾ, കൽവത്തി കമ്മ്യൂണിറ്റി ഹാൾ എന്നിവയിലെ ബൂക്കിംഗ് രജിസ്റ്ററിൽ വ്യാജരസീത് നമ്പർ എഴുതി ചേർത്ത് 4.5 ലക്ഷം രൂപ അപഹരിച്ചതായും റിപ്പോർട്ടിൽ സുചിപ്പിച്ചിട്ടുണ്ട്. ഓഡിറ്റ് കാലയളവിൽ ഉപയോഗിച്ച രസീത് ബുക്കുകൾ ഓഡിറ്റ് വിഭാഗം പരിശോധനക്ക് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.
പ്രധാന പിഴവുകൾ
വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മ
ഫലപ്രദമായ മേൽനോട്ടത്തിന്റെ അഭാവം
വൻകിട കെട്ടിട സമുച്ചയങ്ങളിൽ നിന്നുള്ള വരുമാന സ്രോതസുകൾ വിനിയോഗിക്കുന്നില്ല
ബാങ്കിൽ നിന്ന് കളക്ഷൻ ആകാതെ മടങ്ങുന്ന ചെക്കുകളുടെ തുക ബന്ധപ്പെട്ട പാർട്ടിയിൽ നിന്ന് ഈടാക്കിയിട്ടില്ല,
മടങ്ങിയ ചെക്കുകൾ അക്കൗണ്ടിൽ രേഖപ്പെടുത്താത്തതിനാൽ വൻവരുമാന ചോർച്ച
ബാങ്കിൽ നിന്ന് പിൻവലിക്കുന്ന തുകകൾ ക്യാഷ് ബുക്കിൽ ഉൾപ്പെടുന്നുമില്ല. അതിനാൽ പിൻവലിക്കുന്ന തുകകൾ എങ്ങിനെ വിനിയോഗിക്കുന്നുവെന്നും വ്യക്തമല്ല. ഈ തുകകൾ വിനിയോഗിച്ചതിന്റെ വൗച്ചറുകൾ ഓഡിറ്റ് ഡിപ്പാർട്ട്‌മെൻറിന് സമർപ്പിച്ചിട്ടില്ല