കൊച്ചി: മുൻവർഷങ്ങളെ അപേക്ഷിച്ച് കോർപ്പറേഷനിൽ നികുതി, നികുതിയേതര വരുമാനങ്ങളിൽ വർദ്ധന ഉണ്ടായതായി ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശം. പ്രത്യക്ഷ, പരോക്ഷ നികുതി വരുമാനങ്ങളിലാണ് വർദ്ധന. വസ്തുനികുതി, തൊഴിൽ നികുതി, വിനോദ നികുതി എന്നിവയാണ് പ്രത്യക്ഷ നികുതിവരവുകൾ. വിവിധ ഫീസിനങ്ങൾ, വാടക, ലേലം, അപേക്ഷകളുടെ വിറ്റുവരവ് തുടങ്ങിയവ പരോക്ഷ നികുതിവരുമാനങ്ങളാണ്.
ഇതിൽ ഫീസിനങ്ങളിൽ പെടുന്നത് കെട്ടിട നിർമാണ പെർമിറ്റ്, ഡി.ആൻഡ്.ഒ ലൈസൻസ്, ജനന മരണ രജിസ്‌ട്രേഷൻ തുടങ്ങിയവയാണ്.

നികുതി വരുമാനം

2016- 17 ൽ 116.20 കോടി

2017- 18ൽ 115.08 കോടി

2018- 19ൽ 122.40 കോടി

നികുതിയേതര വരവ്

2016- 17 ൽ 29.15 കോടി

2017- 18 ൽ 34.49 കോടി

2018- 19 ൽ 79.22 കോടി

വൻ വരുമാന ചോർച്ച
വാർഷിക കണക്കുകളിൽ വരുമാന വർദ്ധനവ് കാണിക്കുന്നുണ്ടെങ്കിലും വരവിനങ്ങളിൽ നിന്ന് വരുമാനചോർച്ചയുള്ളതായും കണ്ടെത്തിയിട്ടുണ്ട്. 2019 മാർച്ച് 31ലെ വാർഷിക കണക്ക് പ്രകാരം വസ്തു നികുതിയിനത്തിൽ 16.58 കോടിയും തൊഴിൽ നികുതിയിനത്തിൽ 2.29 കോടിയും പസര്യനികുതിയിനത്തിൽ 3.07 കോടിയും മറ്റ് നികുതികൾ വഴി 42.93 ലക്ഷവും അടക്കം 22.37 കോടിയോളം രൂപയാണ് പിരിച്ചെടുക്കാനുള്ളത്.

കുത്തഴിഞ്ഞ ഭരണത്തിന്റെ ഓഡിറ്റ്: പ്രതിപക്ഷം

കൊച്ചി കോർപ്പറേഷനിലെ കുത്തഴിഞ്ഞ ഭരണചിത്രമാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത്തരം ക്രമക്കേടുകൾക്ക് കൂട്ടുനിന്നവർക്കെതിരെ കർശന നടപടി ഉണ്ടാകണം. വിഷയം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ വിളിച്ച് ചേർക്കണമെന്ന് പ്രതിപക്ഷപാർട്ടി നേതാവ് കെ.ജെ. ആന്റണിയും എൽ.ഡി. എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രനും ആവശ്യപ്പെട്ടു.