payal-n-family

പെരുമ്പാവൂർ: ബീഹാറി പെൺകുട്ടിക്ക് മലയാളനാട്ടിൽ റാങ്കിന്റെ പൊൻതിളക്കം. പെരുമ്പാവൂരിൽ വർഷങ്ങളായി താമസിക്കുന്ന പ്രമോദ്കുമാർ - ബിന്ദുദേവി ദമ്പതികളുടെ മകൾ പായൽകുമാരിയാണ് എം.ജി സർവകലാശാലയുടെ ബി.എ ഹിസ്റ്ററി ആൻഡ് ആർക്കിയോളജി പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയത്. പെരുമ്പാവൂർ മാർത്തോമ വനിതാ കോളേജ് വിദ്യാർത്ഥിനിയാണ്.

ബീഹാറിലെ ഷെയ്ക്ക്പുര ഗോസായ്മതി ഗ്രാമത്തിൽ നിന്ന് 2011ലാണ് പ്രമോദും കുടുംബവും തൊഴിൽ അന്വേഷിച്ച് കേരളത്തിൽ എത്തിയത്. തൃക്കാക്കരയ്ക്ക് സമീപം കങ്ങരപ്പടിയിൽ താമസമാക്കി. മൂത്തമകൻ ആകാശ്കുമാർ, പെൺമക്കളായ പായൽ, പല്ലവികുമാരി എന്നിവരെ ഇടപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർത്തു. പായൽ 85 ശതമാനം മാർക്കോടെ പത്താം ക്ളാസും 95 ശതമാനം മാർക്കോടെ പ്ലസ് ടുവും വിജയിച്ചു.

ആകാശ് എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനൊപ്പം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ എം.കോം കറസ്‌പോണ്ടൻസ് കോഴ്‌സും ചെയ്യുന്നു. പല്ലവി രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. പായലിനെ ഇന്നലെ മന്ത്രി കെ. ടി. ജലീൽ അനുമോദിച്ചു.

 ദാരിദ്ര്യം കാരണം പഠനം നിറുത്താനും തുനിഞ്ഞു

കൂലിപ്പണിക്കു പോകുന്ന പിതാവ് മൂന്ന് മക്കളുടെയും പഠനച്ചെലവ് താങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിയപ്പോൾ, സഹോദരങ്ങളുടെ പഠനത്തിന് വേണ്ടി തന്റെ പഠനം ഉപേക്ഷിച്ച് തൊഴിലന്വേഷിക്കാൻ പായൽ തീരുമാനിച്ചു. എന്നാൽ കോളേജ് അധികൃതരും അദ്ധ്യാപകരും മാനസിക, സാമ്പത്തിക പിന്തുണ നൽകി പായലിനെ പിന്തിരിപ്പിച്ചു. പായൽ അതിന് നന്ദിയറിയിച്ചത് ഒന്നാം റാങ്കിലൂടെയും.

'കോളേജ് അധികൃതരുടെ സഹായം തന്നെയാണ് തന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം. ജെ.എൻ.യുവിൽ തുടർ പഠനമാണ് ആഗ്രഹം''.

- പായൽ