mathai

കൊച്ചി: ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ചിറ്റാർ അരീക്കാവ് സ്വദേശി മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സി.ബി.ഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് മരിച്ചതെന്നും അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഷീബമോൾ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.

സി.ബി.ഐയ്ക്കു വിടുന്നതിൽ എതിർപ്പില്ലെന്നും അതിനുള്ള നടപടികൾ സ്വീകരിച്ചെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. എത്രയുംവേഗം ഏറ്റെടുത്ത് കുടുംബത്തിന് നീതി ലഭിക്കുന്ന വിധത്തിൽ സി.ബി.ഐ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്ന് ഹൈക്കോടതി പറഞ്ഞു.

വനംവകുപ്പ് സ്ഥാപിച്ച സി.സി.ടി.വി കാമറകൾ നശിപ്പിച്ച സംഭവത്തെത്തുടർന്ന് കഴിഞ്ഞ ജൂലായ് 28 നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മത്തായിയെ കസ്റ്റഡിയിലെടുത്തത്. അന്നു വൈകിട്ട് ആറുമണിയോടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കേസിൽ മന:പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയിരുന്നു. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പിയെ ഏൽപിച്ചതെന്നും വ്യക്തമാക്കി.

എന്തുകൊണ്ടാണ് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാത്തതെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുകയാണെന്നും തെളിവുശേഖരണവും മൊഴിയെടുപ്പും കൃത്യമായി നടന്നുവരികയാണെന്നും സർക്കാർ വിശദീകരിച്ചു.

മൃതദേഹം സംസ്കരിക്കണം

പ്രതികൾ അറസ്റ്റിലാവുംവരെ സംസ്കരിക്കില്ലെന്ന നിലപാടിൽ മൃതദേഹം ജൂലായ് 31 മുതൽ സ്വന്തം ചെലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ബന്ധുക്കൾ.

ഇതുവരെ സംസ്കരിക്കാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മാനസികാവസ്ഥ പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി എത്രയുംവേഗം സംസ്കാരം നടത്താൻ ഹർജിക്കാരോട് നിർദേശിച്ചു.