trivandrum-airport

കൊച്ചി : തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിന്റെ നടത്തിപ്പും വികസനവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾ നിലവിലുള്ള ഹർജികൾ തീർപ്പാകും വരെ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഉപഹർജി നൽകി.

എയർപോർട്ട് 50 വർഷത്തേക്ക് അദാനിക്ക് കൈമാറാൻ കേന്ദ്രം കഴിഞ്ഞ ദിവസം അനുമതി നൽകിയ സാഹചര്യത്തിലാണ് ഉപഹർജി. എയർപോർട്ടിന്റെ അദാനിക്ക് കൈമാറുന്നതിനെതിരെ സർക്കാരിനു വേണ്ടി കെ.എസ്.ഐ.ഡി.സി, എയർപോർട്ട് അതോറിറ്റി എംപ്ളോയീസ് യൂണിയൻ, മുൻമന്ത്രി എം. വിജയകുമാർ തുടങ്ങിയവർ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻബെഞ്ച് കഴിഞ്ഞ ഡിസംബർ 18ന് തള്ളിയിരുന്നു. ഇതിനെതിരെ സർക്കാർ ഉൾപ്പെടെ നൽകിയ അപ്പീൽ അനുവദിച്ച സുപ്രീംകോടതി ഇൗ വിധി റദ്ദാക്കി ഹർജികൾ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം നൽകി. ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്ര അനുമതി വന്നത്. സംസ്ഥാന സർക്കാരിനു നൽകിയ ഉറപ്പു ലംഘിച്ചാണ് എയർപോർട്ട് സ്വകാര്യവത്കരിക്കുന്നതെന്നും ഹർജി നിലനിൽക്കെ കേന്ദ്രം അനുമതി നൽകിയത് നിയമപരമല്ലെന്നും കാട്ടി ഗതാഗതവകുപ്പ് അണ്ടർ സെക്രട്ടറി മേഴ്സി ഗബ്രിയേലാണ് ഉപഹർജി നൽകിയത്. എയർപോർട്ടിന്റെ സ്ഥലത്തിൽ 258 ഏക്കർ പുറമ്പോക്കാണ്. എയർപോർട്ടിന്റെ നടത്തിപ്പിനും വികസനത്തിനും സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാമെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില സർക്കാരിന്റെ ഒാഹരിയായി കണക്കാക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകിയിരുന്നെന്നും ഹർജിയിൽ പറയുന്നു.