വൈപ്പിൻ: പള്ളിപ്പുറം കോട്ടയുടെ മുൻവശത്തുള്ള മുസരീസ് പദ്ധതി പ്രകാരം നിർമ്മിച്ച പുതിയ ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ജെട്ടിയുടെ മുൻവശത്തായി മുങ്ങിക്കിടക്കുന്ന ബോട്ട് മാറ്റാതെ ജെട്ടിയിൽ ടൂറിസ്റ്റുകൾക്ക് ബോട്ട് അടുപ്പിക്കാനോ വഞ്ചി അടുപ്പിക്കുവാനോ സാധിക്കുകയില്ലെന്ന് കോൺഗ്രസ് (എസ്) വൈപ്പിൻ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഫിഷറീസ് വകുപ്പും ടൂറിസം വകുപ്പും സഹകരിച്ചു കൊണ്ടാണ് കോട്ടയ്ക്ക് മുൻവശത്തായി മുസിരിസ് പൈതൃക പദ്ധതിയുടെ ജെട്ടി നിർമ്മിച്ചിട്ടുള്ളത്. അതിനാൽ പത്തുവർഷമായി മുങ്ങിക്കിടക്കുന്ന ഫിഷിങ് ബോട്ട് ഡിപ്പാർട്ട്‌മെന്റുകൾ സഹകരിച്ച് നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കണം.പ്രസിഡന്റ് പി.സി.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു പരമേശ്വരൻ, ജെയ്‌സൺ ജോസഫ്, സജി ആന്റണി, ആന്റണി കൈതക്കൽ, നിഷിൽ.പി സിദ്ധാർത്ഥ്, ശ്യാംലാൽ, ഇല്ല്യാസ്, സോജൻ, ശങ്കർ നായരമ്പലം എന്നിവർ സംസാരിച്ചു.