വൈപ്പിൻ: എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വാസയോഗ്യമായ വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുന്ന ഗുരുഭവനം പദ്ധതിയിലെ ആദ്യവീട് നിർമ്മാണം എളങ്കുന്നപ്പുഴയിൽ പൂർത്തിയായി. എളങ്കുന്നപ്പുഴ കടപ്പുറത്തെ പൊന്നാട്ട് പരേതനായ ദാസപ്പന്റെ ഭാര്യ അമ്മുവിനും മക്കൾക്കുമാണ് ആദ്യവീട്. പറയത്തക്ക ജോലിയോ വരുമാനമാർഗങ്ങളോ ഇല്ലാത്ത ഈ കുടുംബം ഇടക്ക് കടൽത്തീരത്തും കായലിലും വല വീശിയാണ് തങ്ങളുടെ അന്നത്തിനുള്ള വക കണ്ടെത്തുന്നത്. അടച്ചുറപ്പും ഭംഗിയുമുള്ള ഒരു വീട് ഇവരുടെ സ്വപ്നം മാത്രമായിരുന്നു.
2608ാം നമ്പർ എളങ്കുന്നപ്പുഴ എസ്.എൻ.ഡി.പി. ശാഖയുടെ സഹകരണത്തോടെ വൈപ്പിൻ എസ്.എൻ.ഡി.പി. യൂണിയനാണ് നിർമ്മാണം നടത്തിയത്. 490 അടി വിസ്തൃതിയുള്ള വീടിന് 5 ലക്ഷത്തിൽപ്പരം രൂപ ചെലവാക്കി. യൂണിയൻ ഭാരവാഹികളും ശാഖാ ഭാരവാഹികളും കൂടി നാളെ രാവിലെ 11ന് വീടിന്റെ താക്കോൽ അമ്മുവിന് കൈമാറും. എളങ്കുന്നപ്പുഴ ശാഖയിലെ മുഴുവൻ പേരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങാണ് ആഗ്രഹിച്ചിരുന്നതെങ്കിലും കൊവിഡ് രോഗ പശ്ചാത്തലത്തിലെ പരിമിതികൾക്കുള്ളിൽ ഒതുങ്ങി നാമമാത്രമായാണ് ചടങ്ങൊരുക്കുന്നത്.