കൊച്ചി : സ്വപ്‌നയുടെ ബാങ്ക് ലോക്കറുകളിൽ നിന്ന് പിടിച്ചെടുത്ത തുക പ്രഥമദൃഷ്ട്യാ കള്ളപ്പണമാണെന്നും പ്രളയത്തിൽ തകർന്ന വീടുകളുടെ നവീകരണ പദ്ധതിയുടെ കരാറുകാരിൽ നിന്ന് ലഭിച്ച കമ്മിഷനാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
നയതന്ത്രചാനൽ സ്വർണക്കടത്തിൽ എൻഫോഴ‌്സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി )രജിസ്റ്റർചെയ്‌ത കള്ളപ്പണക്കേസിൽ സ്വപ്‌ന സുരേഷ് നൽകിയ ജാമ്യാപേക്ഷ തള്ളിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇതു പറഞ്ഞത്.
സ്വപ്നയുടെ രണ്ടു ലോക്കറുകളിൽ നിന്ന് ജൂലായ് 23ന് ഒരു കോടി രൂപയും ഒരു കിലോ സ്വർണവും പിടിച്ചെടുത്തിരുന്നു. പണം കമ്മിഷനായി കിട്ടിയതാണെന്നും സ്വർണം ദുബായിൽ ഷേയ്‌ക്കിന്റെ അക്കൗണ്ടന്റായിരുന്ന പിതാവ് വിവാഹസമ്മാനമായി നൽകിയതാണെന്നുമായിരുന്നു സ്വപ്നയുടെ വാദം. 2018ലെ പ്രളയത്തിൽ തകർന്ന 150 വീടുകൾ നവീകരിക്കാൻ യു.എ.എഫ്.എക്സ് സൊല്യൂഷൻസ്, ഫോർത്ത് ഫോഴ്സ്, യൂണിടാക്ക് ബിൽഡേഴ്സ്, സാൻ വെഞ്ച്വേഴ്‌സ് എന്നിവരുമായി യു.എ.ഇ കോൺസുലേറ്റുണ്ടാക്കിയ കരാർ നടപ്പാക്കിയതിനാണ് കമ്മിഷൻ കിട്ടിയതെന്നും പണമായി ലഭിച്ചതാണ് ലോക്കറിൽ സൂക്ഷിച്ചതെന്നും സ്വപ്‌ന വാദിച്ചിരുന്നു. എന്നാൽ ഹർജിക്കാരി അവകാശപ്പെടുന്നതുപോലെ പണമായി കമ്മിഷൻ നൽകിയില്ലെന്ന് യൂണിടാക്ക് ബിൽഡേഴ്സിലെ സന്തോഷ് ഇൗപ്പന്റെ മൊഴിയിൽ പറയുന്നു. മറ്റൊരുമൊഴിയിൽ സ്വപ്ന, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് ഐസോമങ്ക് ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് ബാങ്ക് ട്രാൻസ്‌ഫർ വഴി കമ്മിഷൻ നൽകിയെന്നും സ്വപ്ന അവകാശപ്പെടുന്നതുപോലെ പണമായി നൽകിയിട്ടില്ലെന്നും പറയുന്നുണ്ട്. നാലാംപ്രതി സന്ദീപ് നായരും ഇതു സമ്മതിച്ചിട്ടുണ്ട്. ആ നിലയ്ക്ക് ലോക്കറിലെ പണം കമ്മിഷനല്ലെന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
21 തവണ സ്വർണം കടത്തി
നയതന്ത്രചാനൽ സ്വർണക്കടത്തിലും ഗൂഢാലോചനയിലും തനിക്ക് പങ്കുണ്ടെന്നും 21 തവണ തിരുവനന്തപുരം വിമാനത്താവളം വഴി സമാനരീതിയിൽ സ്വർണം കടത്തിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയുണ്ട്. ഇന്ത്യയിലും പുറത്തുമുള്ള ഉന്നതസ്വാധീനമുള്ളവർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കടത്തിലൂടെ നേടിയ സമ്പാദ്യമാണ് ലോക്കറിലുള്ളതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഈ തുക സ്ഥലവും കെട്ടിടങ്ങളും വാങ്ങാൻ സ്വപ്ന ഉപയോഗിച്ചിരുന്നോയെന്ന് ഇ.ഡി സംശയിക്കുന്നു. സ്വർണക്കടത്തിൽ സ്വപ്നയുടെ പങ്കിന് തെളിവുകളുണ്ട്. ഇതിലൂടെ നേടിയ സമ്പാദ്യം കള്ളപ്പണത്തിന്റെ പരിധിയിൽ വരും. കള്ളപ്പണം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർക്കുക മാത്രമല്ല പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുമാണ്. സ്വപ്ന സ്വാധീനമുള്ള വ്യക്തിയാണ്. ഇൗ ഘട്ടത്തിൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി.