കുമ്പളങ്ങി: നവീകരണത്തിന് രണ്ട് കോടി രൂപ അനുവദിച്ചിട്ടും പെരുമ്പടപ്പ് - കുമ്പളങ്ങി റോഡ് വീതികൂട്ടൽ എങ്ങുമെത്തിയില്ല. നിരവധി സമരങ്ങളും പരാതികളെയും തുടർന്ന് രണ്ട് മാസം മുമ്പാണ് റോഡ് വീതികൂട്ടുന്നതിന് ആദ്യ ഗഡുവായി ഫണ്ട് അനുവദിച്ചത്. നിലവിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും റോഡ് നവീകരണവുമായി ബന്ധപ്പെട്ട ഫയൽ നീങ്ങിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. എട്ട് കോടി രൂപയാണ് പദ്ധതി തുക. എഴുപുന്ന പാലം വന്നതോടെ ഇടക്കൊച്ചി വഴി പോയിരുന്ന ഭൂരിഭാഗം വാഹനങ്ങളും ഇപ്പോൾ പെരുമ്പടപ്പ് - കുമ്പളങ്ങി റോഡിലൂടെയാണ് ചേർത്തല ഭാഗത്തേക്ക് പോകുന്നത്. സ്വകാര്യ ബസുകൾ കുറവാണെങ്കിലും കാറുകളടക്കം നിരവധി വാഹനങ്ങളാണ് നിരത്തിലുള്ളത്. രണ്ട് കാറുകൾ ഒരേസമയം കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായതിനാൽ കാൽനട യാത്രികരടക്കം ബുദ്ധിമുട്ടിലാണ്.

പതിറ്റാണ്ടിന്റെ ആവശ്യം

പെരുമ്പടപ്പ് - കുമ്പളങ്ങി റോഡ് നവീകരണമെന്നത് വർഷങ്ങളായി നാട്ടുകാരുടെയും റസിഡൻസ് അസോസിയേഷനുകളുടെയും പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. ഇക്കാര്യം ഉയർത്തി നാട്ടുകാർ പെരുമ്പടപ്പ് വികസന സമിതി എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ച് സമരവും ആരംഭിച്ചു. തുടർന്നാണ് ആദ്യ ഗഡു അനുവദിക്കുകയും റോഡിന്റെ വലതുവശത്തെ സ്ഥലം എടുക്കുന്നതിനായി പെരുമ്പടപ്പ് മുതൽ സ്വകാര്യ വ്യക്തികളുടെ മതിലുകളിൽ വിട്ടുകൊടുക്കേണ്ടത് അധികാരികളെത്തി രേഖപ്പെടുത്തിയത്. സ്ഥലം വിട്ടുനൽകാൻ ആളുകൾ തയ്യാറാണെങ്കിലും റവന്യു വകുപ്പിനെ ഏൽപിച്ചതോടെ ഫയൽ ചുവപ്പുനാടയിലായെന്ന് പെരുമ്പടപ്പ് വികസന സമിതി ആരോപിക്കുന്നു.

എട്ട് കോടി രുപയാണ് പദ്ധതി ചെലവ്. ഇതിൽ ആദ്യഘട്ടം പാസായ തുക പോലും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ കൊവിഡിന്റെ പേരിൽ തടിതപ്പുകയാണ് അധികാരികൾ ചെയ്യുന്നത്.

പി.വിജയൻ

ഭാരവാഹി

സംഗമം റസിഡൻസ്

അസോസിയേഷൻ