കൊച്ചി: കൊവിഡ് കാലത്ത് രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം മെച്ചപ്പെട്ടതായി കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ റിപ്പോർട്ട്. സമീപഭാവിയിൽ പൊതുവിപണിയിൽ അരി, പയർ വർഗങ്ങൾ തുടങ്ങിയവയുടെ വില കുറയാൻ ഇതു സഹായിക്കും.
കഴിഞ്ഞ ജൂൺ ഒന്നിന് ആരംഭിച്ച ഖാരിഫ് സീസണിൽ ഇതുവരെയായി 432.97 ലക്ഷം ഹെക്ടറിൽ കൃഷിയിറക്കിയെന്നാണ് കണക്ക്. നെൽകൃഷിയിൽ 18.85 ശതമാനവും പയർവർഗ കൃഷിയിൽ 27.36 ശതമാനവുമാണ് വർദ്ധന. മുൻവർഷം ഇതേകാലയളവിൽ ആകെ 230.03 ഹെക്ടറിലായിരുന്നു കൃഷി.
2019- 20 ഖാരീഫ് സീസണിലെ അരി സംഭരണത്തിലും വർദ്ധനയുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഇതുവരെ സംഭരിച്ച അരിയുടെ അളവിൽ 65.47 ലക്ഷം ടൺ അധികമാണ്. കഴിഞ്ഞവർഷം 436.69 ലക്ഷം ടൺ ആയിരുന്നത് ഇത്തവണ 502.16 ലക്ഷം ടണ്ണായി. 2020-21 സീസണിൽ ആഗോളതലത്തിൽ നെല്ല് ഉത്പാദനം വർദ്ധിക്കുമെന്നും ഇന്ത്യയിൽ 117 ദശലക്ഷം ടണ്ണിൽ എത്തുമെന്നുമാണ് വിവിധ ഏജൻസികളുടെ പ്രവചനങ്ങൾ.
കേന്ദ്രസർക്കാരിന്റെ മൂന്നാം അഡ്വാൻസ് എസ്‌റ്റിമേറ്റ് പ്രകാരം രാജ്യത്തെ പയർ വർഗങ്ങളുടെ ഉത്പാദനത്തിൽ ഇത്തവണ 10ലക്ഷം ടണ്ണിന്റെ വർദ്ധന പ്രതീക്ഷിക്കുന്നു. അതേസമയം, കൊവിഡിൽ ചരക്ക് ഗതാഗതം നിലച്ചതും കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്തതും വലിയ തിരിച്ചടിയായി. ഇതുമൂലം, പയർവർഗങ്ങൾക്ക് വിപണിയിൽ വില വർദ്ധിക്കുകയും ചെയ്തു.
കേരളത്തിൽ
വില താഴേക്ക്
സ്റ്റോക്കും സംഭരണവും മെച്ചപ്പെട്ടതിനാൽ വരും മാസങ്ങളിൽ കേരളത്തിലുൾപ്പെടെ അരിവില കുറഞ്ഞേക്കുമെന്നാണ് സംസ്ഥാന ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ടുമെന്റിന്റെ പ്രതിമാസ അവലോകറിപ്പോർട്ട് പറയുന്നത്. എന്നാൽ, ഇന്ധനവില വർദ്ധന വില്ലനാകുമോയെന്ന ആശങ്കയും റിപ്പോർട്ട് പങ്കുവയ്ക്കുന്നുണ്ട്.