പറവൂർ: മാസങ്ങളായി അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി വടക്കേക്കര പഞ്ചായത്തിലെ പാല്യത്തുരുത്ത് നിവാസികൾ ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിവേദനം നൽകി. പൈപ്പ് കാലപ്പഴക്കത്താൽ ഇടക്കിടക്ക് പൊട്ടുന്നതിനാൽ ദിവസങ്ങളോളം വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ ജനങ്ങൾ കുടിവെള്ളം കിട്ടാറില്ല. തീരമേഖലയോട് ചേർന്നു കിടക്കുന്ന ഈ പ്രദേശത്തെ ജലാശയങ്ങൾ ഉപ്പുരസം കലർന്നതായതിനാൽ ജല അതോറിറ്റിയുടെ വെള്ളമാണ് ഏക ആശയം. വേനൽക്കാലം വരുന്നതോടെ കുടിവെള്ള ലഭ്യത രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ഉടൻ പ്രശ്ന പരിഹാരം കാണണമെന്നും നിവേദനത്തിൽ പറഞ്ഞു.