പറവൂർ: പൊതുശ്മശാനങ്ങളുടെ അധികാരികൾക്കും ജീവനക്കാർക്കുമായി കൊവിഡ് ബോധവത്കരണ ക്ലാസ് നടത്തും. കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ശ്മശാനങ്ങളിലെ ജീവനക്കാർ വിസമ്മതിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രതിസിന്ധി പരിഹരിക്കുന്നതിനായാണ് വി.ഡി. സതീശൻ എം.എൽ.എ വിളിച്ച യോഗത്തിലാണ് തിരുമാനം. മൃതദേഹങ്ങളിൽ നിന്നും രോഗവ്യാപന സാധ്യത ഒട്ടുംതന്നെ ഇല്ലെന്നും മൃതദേഹം പൂർണമായി അണുവിമുക്തമാക്കി രോഗസാധ്യത അകറ്റി പ്രത്യേകം മൂന്നു കവറുകളിലാക്കി പൊതിഞ്ഞു സുരക്ഷിതമായാണ് സംസ്കാരത്തിനായി കൊണ്ടുവരുന്നത് യോഗത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ആലങ്ങാട്, കടുങ്ങല്ലൂർ, കോട്ടുവള്ളി, ചേന്ദമംഗലം, കുന്നുകര പഞ്ചായത്തുകളിലും പറവൂർ, ഏലൂർ നഗരസഭകളിലുമുള്ള പൊതുശ്മശാനങ്ങളിൽ സംസ്കാര ചടങ്ങുകൾക്ക് കുറഞ്ഞത് അഞ്ച് പേരുടെ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചു. ഇവർക്ക് സുരക്ഷാപകരണങ്ങൾ ധരിച്ചു സംസ്കാരത്തിൽ പങ്കെടുക്കാവുന്നതാണ്. സംസ്കാര ചടങ്ങുകളുമായി സഹകരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് തഹസിൽദാർ എ.എച്ച്. ഹരീഷ് പറഞ്ഞു.