mg

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാറിന്റെ പേരിൽ വ്യാജ ഇ മെയിൽ സന്ദേശങ്ങൾ ജീവനക്കാർക്കും അദ്ധ്യാപകർക്കും ലഭിച്ചതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകി. ആശുപത്രിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഓൺലൈനായി ചില സാധനങ്ങൾ വാങ്ങുന്നതിന് സഹായിക്കണമെന്നും പണം ഉടൻ തിരികെ നൽകാമെന്നും ആവശ്യപ്പെട്ടാണ് ഇ മെയിൽ സന്ദേശങ്ങൾ ലഭിച്ചത്. മുമ്പ് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, സിൻഡിക്കേറ്റംഗവും സ്‌കൂൾ ഒഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സ് ഡയറക്ടറുമായ പ്രൊഫ. നന്ദകുമാർ കളരിക്കൽ എന്നിവരുടെ പേരിലും വ്യാജ ഇമെയിൽ സന്ദേശങ്ങൾ പലർക്കും ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇത്തരം ഇ മെയിൽ സന്ദേശങ്ങൾ ലഭിക്കുന്നവർ നിജസ്ഥിതി ഉറപ്പാക്കി മാത്രമേ പ്രതികരിക്കാവൂവെന്ന് രജിസ്ട്രാർ അറിയിച്ചു.