കൊച്ചി : കൊവിഡ് മാനദണ്ഡങ്ങളും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും ലംഘിച്ച് എസ്.എൻ ട്രസ്റ്റിലേക്കുള്ള നടത്തുന്ന തിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് അടൂർ സ്വദേശി നിപുരാജ് ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു.
സെപ്തംബർ 18,26 തീയതികളിൽ ബോർഡ് അംഗങ്ങളുടെയും, ഒക്ടോബർ പത്തിന് ഭാരവാഹികളുടെയും തിരഞ്ഞെടുപ്പാണ് നിശ്ചയിച്ചിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എസ്.എൻ ട്രസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പിന് അനുമതി തേടി ഒരു സ്കീം സമർപ്പിച്ചിരുന്നെന്നും ഇതു സർക്കാരിന്റെ പരിഗണനയിലാണെന്നും ചീഫ് റിട്ടേണിംഗ് ഒാഫീസർ സത്യവാങ്മൂലം നൽകി. ഒാരോ തിരഞ്ഞെടുപ്പു കേന്ദ്രത്തിലും എസ്.എൻ. കോളേജുകൾ ഉൾപ്പെടെ നാലു സ്ഥാപനങ്ങളിൽ വീതം ബൂത്തുകൾ സജ്ജമാക്കും. കൊല്ലത്ത് എട്ടു സ്ഥാപനങ്ങളിൽ ബൂത്ത് ഒരുക്കുമെന്നും സ്കീമിൽ വ്യക്തമാക്കിയിരുന്നു. ഇതു കോടതി രേഖപ്പെടുത്തി. തുടർന്നാണ് ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുമതി തേടിയത്. ഇതനുവദിച്ച ഹൈക്കോടതി ഹർജി തള്ളി.