ആലുവ:കടുങ്ങല്ലൂരിൽ മൂന്നാഴ്ച മുമ്പ് നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ പൃഥ്വിരാജ് മരിച്ചതിൽ ദുരൂഹതയില്ലെന്ന് ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ സൂചന. നാണയം വിഴുങ്ങിയതോ വിഷാംശം ഉള്ളിൽ ചെന്നതോ അല്ല മരണകാരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ശ്വാസംമുട്ടലിന് നേരത്തെ കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും ഫെബ്രുവരിയിൽ കളമശേരി മെഡിക്കൽ കോളേജിലും ചികിത്സിച്ചിട്ടുണ്ട്. ശ്വാസംമുട്ടൽ മൂലം കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും നേരിയ തകരാർ ഉണ്ടായിരുന്നെന്നും ഇതാവാം മരണകാരണമെന്നുമാണ് റിപ്പോർട്ടിലെ സൂചന.
ഇന്നലെ രാവിലെ 11 മണിയോടെയാണ് കാക്കനാട് കെമിക്കൽ ലാബിൽ നിന്ന് ആന്തരിക പരിശോധനാ റിപ്പോർട്ട് കളമശേരി മെഡിക്കൽ കോളേജിലെ പൊലീസ് സർജന് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകിട്ട് മൂന്ന് മണിയോടെ ബിനാനിപുരം സി.ഐ വി.ആർ. സുനിൽകുമാറിന് കൈമാറി.
ആലുവ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പൂതകുളം സ്വദേശി നന്ദിനിയുടെ മകൻ പൃഥ്വിരാജിന്റെ മരണമാണ് വിവാദമായത്. നാണയം വിഴുങ്ങിയ കുട്ടിയുമായി ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പോയെങ്കിലും ചികിത്സ നിഷേധിച്ചതായി രക്ഷിതാക്കൾ ആരോപിച്ചിരുന്നു.
നാണയം ഉള്ളിൽ ചെന്നത് കൊണ്ട് മാത്രം മരിക്കാൻ സാദ്ധ്യത ഇല്ലെന്നായിരുന്നു പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജന്റെ പ്രാഥമിക നിഗമനം. തുടർന്നാണ് ആന്തരികാവയവങ്ങൾ കാക്കനാട് ചീഫ് കെമിക്കൽ എക്‌സാമിനർക്ക് അയച്ചത്.