high-court

കൊച്ചി : കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ ടവർ ലൊക്കേഷൻ ലഭിക്കുന്നതിനായി കാൾഡേറ്റ ശേഖരിക്കുന്ന പൊലീസിന്റെ നടപടി ഹൈക്കോടതി ശരിവച്ചു. രോഗികളുടെ കോൾ വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും നിയമപരമല്ലെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പൊതുതാത്പര്യ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നടപടി.

ഒരാൾ കൊവിഡ് പോസിറ്റീവായാൽ 14 ദിവസം മുമ്പു മുതലുള്ള കോൾരേഖകളിൽ നിന്ന് ഇയാൾ സഞ്ചരിച്ച സ്ഥലങ്ങൾ കണ്ടെത്തി റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും തയ്യാറാക്കാനാണ് പൊലീസ് നടപടിയെടുത്തത്. കോൾ രേഖകളിൽ നിന്ന് ടവർ ലൊക്കേഷൻ മാത്രമാണ് എടുക്കുന്നതെന്നും മറ്റു വിവരങ്ങൾ പരിശോധിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും വിവരങ്ങൾ കൈമാറുന്നില്ലെന്നും സ്വകാര്യത ലംഘിക്കില്ലെന്നും സർക്കാർ കഴിഞ്ഞദിവസം വിശദീകരണം നൽകിയിരുന്നു.

കോൾ വിവരങ്ങളുടെ സ്വകാര്യത കർശനമായി സംരക്ഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതും കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇന്നലെ വിധി പറഞ്ഞത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. ടവർ ലൊക്കേഷൻ മാത്രമാണ് പരിശോധിക്കുന്നത്. മറ്റെല്ലാം ആശങ്ക മാത്രമാണ്. കൊവിഡ് വ്യാപനത്തിന്റെ അസാധാരണ സാഹചര്യം കണക്കിലെടുക്കണം - ഹൈക്കോടതി അഭിപ്രായപ്പെട്ടു. മൊബൈൽ സേവനദാതാക്കളെ കക്ഷിചേർക്കണം,​ പൊലീസ് ശേഖരിച്ച വിവരങ്ങൾ മുദ്രവെച്ച കവറിൽ ലഭ്യമാക്കണം എന്നീ ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല.

ഡി.ജി.പിയുടെ സർക്കുലറിൽ രോഗികളുടെ വിവരങ്ങൾ മാത്രമാണ് ശേഖരിക്കുകയെന്ന തിരുത്തൽ വരുത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇതിനായി സർക്കാരിനെ സമീപിക്കാമെന്ന് ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു. തുടർന്നാണ് ഹർജി തീർപ്പാക്കിയത്. രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമാണ് വേണ്ടതെന്നും അതു മാത്രമായി നൽകാനാവില്ലെന്ന് മൊബൈൽകമ്പനികൾ വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു.