കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നാലു പദ്ധതികളുടെ വിശദാംശങ്ങളും ഇതിനു ചെലവുവരുന്ന തുകയുടെ വിവരങ്ങളും ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ചെയർമാൻ പത്തു ദിവസത്തിനകം നഗരസഭാ സെക്രട്ടറിക്ക് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചു.
പദ്ധതികൾ
മുല്ലശേരി കനാൽ നവീകരണം
ട്വൽവ് ഫീറ്റ് ലിങ്ക് കനാലിന്റെ അറ്റ്ലാന്റിസ് മുതൽ വടുതല വരെയുള്ള ഭാഗത്തിന്റെ നവീകരണം
പുഞ്ചത്തോട് നവീകരണം
കാരിത്തോട് നവീകരണം
ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി ചെയർമാനിൽനിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ അത് നഗരസഭാ കൗൺസിലിന്റെ അനുമതിക്കായി കൈമാറണമെന്നും സിംഗിൾബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. നഗരത്തിലെ കാനശുചീകരണവുമായി ബന്ധപ്പെട്ട ഹർജികളിലാണ് ഇടക്കാല ഉത്തരവ്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികളിൽ നഗരസഭയിൽനിന്ന് ഹൈക്കോടതി വിശദീകരണം തേടിയിരുന്നെങ്കിലും ജീവനക്കാരിൽ ഏറെയും ക്വാറന്റയിനിലാണെന്നും വിശദീകരണത്തിന് കൂടുതൽ സമയം നൽകണമെന്നും നഗരസഭയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. മാത്രമല്ല, നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജോലികൾ ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി പ്രകാരം നടപ്പാക്കാൻ കഴിഞ്ഞാൽ ചെലവുവരുന്ന തുക നഗരസഭയുടെ തനതുഫണ്ടിൽനിന്ന് അനുവദിക്കാമെന്നും നഗരസഭ അറിയിച്ചു. തുടർന്നാണ് വിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.