11
വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നു

തൃക്കാക്കര: തൃക്കാക്കര നഗരസഭാ പ്രദേശത്തെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി. തൃക്കാക്കര നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ 56 അനധികൃത കച്ചവടക്കാരെ ഇന്നലെ നീക്കം ചെയ്തു. ചെമ്പുമുക്ക് മുതൽ കുന്നുംപുറം വരെയുള്ള വഴിയോര കച്ചവടക്കാരെയാണ് നീക്കം ചെയ്തത്. രണ്ടു ദിവസം മുമ്പ് നഗരസഭ അധികൃതർ അനധികൃത കച്ചവടക്കാർ ഒഴിഞ്ഞുപോകുവാൻ അറിയിപ്പ് നൽകിയിരുന്നു. നഗരസഭാ പരിധിയിൽ 2018 വരെ വഴിയോര കച്ചവടം നടത്തുന്ന അർഹരായവരുടെ ലിസ്റ്റ് കൗൺസിൽ അംഗീകരിച്ചിരുന്നു.

ഇരട്ടിയായി അപേക്ഷകർ

2018 മാർച്ച് 31ന് മുമ്പ് അപേക്ഷിച്ചവരെ മാത്രം ഉൾപ്പെടുത്തിയുള്ള ലിസ്റ്റാണ് കൗൺസിൽ അംഗീകരിച്ചത്. അതുപ്രകാരം 128 പേരായായിരുന്നു ഉണ്ടായിരുന്നത്. 2020 ആയപ്പോഴേക്കും നാന്നൂറോളം അപേക്ഷകൾ വീണ്ടും വന്നു. അതിൽ നിന്ന് 45 പേരെ കൂടി ഉൾപ്പെടുത്തി ആക 273 വഴിയോര കച്ചവടക്കാരാണ് തൃക്കാക്കര നഗരസഭ പ്രദേശത്ത് അംഗീകൃതമായിട്ടുള്ളത്. പ്രധാന റോഡുകളിലെല്ലാം നടപ്പാതകൾ വരെ കൈയേറി ഷെഡുകൾ കെട്ടി സ്വന്തംനിലയിലും മറ്റുചിലർ വാടകയ്ക്ക് നൽകിയും കച്ചവടം നടത്തുന്നുണ്ട്. സീപോർട്ട്-എയർപോർട്ട് റോഡ്, കളക്ടറേറ്റ് പരിസരം, കാക്കനാട് ജംഗ്ഷൻ, കെ.എം.ജി എന്നിവിടങ്ങളിലാണ് റോഡു കൈയേറ്റങ്ങൾ അധികവും. ജില്ലാ കളക്ടർ ഇടപെട്ട് പല ഘട്ടങ്ങളിലും ഇവ നീക്കം ചെയ്തിരുന്നെങ്കിലും വീണ്ടും കച്ചവടങ്ങൾക്കായി ഷെഡുകൾ ഉയർന്നു. ഓണമായതോടെ അനധികൃത കച്ചവടക്കാരുടെ എണ്ണം കൂടുമെന്ന് കണ്ടാണ് നഗരസഭയുടെ നടപടി.

"അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി വരും ദിവസങ്ങളിലും തുടരും"

പി.എസ്. ഷിബു

നഗരസഭ സെക്രട്ടറി