prithviraj-mother

ആരോഗ്യമന്ത്രിക്കും ഡി.ജി.പിക്കും ഇന്ന് പരാതി നൽകും

ആലുവ: കടുങ്ങല്ലൂരിൽ മൂന്ന് വയസുകാരൻ പൃഥ്വിരാജ് നാണയം വിഴുങ്ങി മരിച്ച സംഭവത്തിൽ കളമശേരി മെഡിക്കൽ കോളേജിൽനിന്ന് ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുറ്റക്കാരായ ഡോക്ടർമാരെ രക്ഷിക്കാനാണെന്ന് മാതാവ് നന്ദിനി 'കേരളകൗമുദി'യോട് പറഞ്ഞു. ഇതിനെതിരെ ഇന്ന് ആരോഗ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും. പരാതിയുടെ പകർപ്പ് ജില്ലാ പൊലീസ് മേധാവിക്കും കൈമാറും.

നന്ദിനി പറയുന്നത്: കുട്ടിക്ക് നേരത്തെ ശ്വാസംമുട്ട് ഉണ്ടായിരുന്നതായുള്ള കണ്ടെത്തൽ അടിസ്ഥാനരഹിതമാണ്. കഴിഞ്ഞവർഷം കുട്ടിക്ക് സാധാരണയിലും അല്പം പനി കൂടിയിരുന്നു. അന്നുപോലും ന്യുമോണിയയിലേക്ക് എത്തിയിരുന്നില്ല. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ സാധാരണ പനി വന്നപ്പോൾ ആലുവയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മൂന്നുദിവസത്തിനകം പനി മാറുകയും ചെയ്തു. ഇതിന്റെ പേരിൽ കുട്ടിക്ക് ശ്വാസംമുട്ടും ന്യുമോണിയയും ഉണ്ടെന്ന് പറയുന്നത് വിചിത്രമാണ്. കേരളത്തിലേക്കാൾ കൂടുതൽ തണുപ്പുള്ള ബംഗളൂരുവിലാണ് കുട്ടി ജനിച്ചത്. അപ്പോഴൊന്നും കുട്ടിക്ക് യാതൊരു അസ്വസ്ഥതകളും ഉണ്ടായിട്ടില്ല. ആലപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് വന്നപ്പോൾ കാറ്റടിയേറ്റതും മരണത്തിന് കാരണമായെന്ന പ്രചരണവും അടിസ്ഥാനമില്ലാത്തതാണ്. ശാരീരികമായി ഉന്മേഷവാനായിരുന്ന കുട്ടിക്ക് മൂന്ന് മണിക്കൂർ കൊണ്ട് ന്യുമോണിയ ബാധിച്ചുവെന്ന പ്രചരണവും ശരിയല്ല.

കാക്കനാട് കെമിക്കൽ ലാബിൽനിന്ന് ആന്തരികാവയവ പരിശോധനാറിപ്പോർട്ട് വെള്ളിയാഴ്ചയാണ് കളമശേരി മെഡിക്കൽ കോളേജിലെ പൊലീസ് സർജന് ലഭിച്ചത്. തുടർന്നാണ് ബിനാനിപുരം പൊലീസിന് കൈമാമാറിയത്. നാണയം വിഴുങ്ങിയതോ മറ്റ് വിഷാംശം ഉള്ളിൽ ചെന്നോ അല്ല മരണമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. ശ്വാസംമുട്ടൽ മൂലം കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും നേരിയ തകരാർ ഉണ്ടായതായി റിപ്പോർട്ടിലുണ്ട്.

ആലുവ കടുങ്ങല്ലൂർ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പൂതകുളം നെല്ലേറ്റിൽ തോണിപ്പാറ ലക്ഷംവീട് കോളനിയിൽ നന്ദിനിയുടെ മകൻ പൃഥ്വിരാജിന്റെ മരണമാണ് വിവാദമായത്. നാണയം വിഴുങ്ങിയ കുട്ടിയുമായി ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ തേടിയെങ്കിലും നിഷേധിക്കപ്പെട്ടതായി നന്ദിനി ആരോപിച്ചിരുന്നു. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും നീതിക്കായി ഏതറ്റംവരെ പോകുമെന്നും ബന്ധുക്കൾ പറഞ്ഞു.