അങ്കമാലി: ആറാട്ടുപുഴ സംരക്ഷണത്തിന് പ്രാഥമിക നടപടിയായി. ജലവിഭവ വകുപ്പ് അനുവദിച്ച 11.70 ലക്ഷവും, ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഏഴു ലക്ഷത്തി പതിനാറായിരം രൂപയും ഉപയോഗിച്ച് പുഴയുടെ പുനരുദ്ധാരണ പ്രവർത്തനം.തോട്ടിൽ രണ്ടു മീറ്ററോളം ഉയരത്തിൽ ചെളി അടഞ്ഞിട്ടുണ്ട്. തോടിനിരുവശവും വ്യാപകമായി കൈയ്യേറ്റവും നടന്നിട്ടുണ്ട്.അങ്കമാലി പട്ടണത്തോടെ ചേർന്നു കിടക്കുന്നതും തുറവൂർ മൂക്കന്നൂർ പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസാണ് ആറാട്ടുപുഴ.അങ്കമാലി മൂക്കന്നൂർ തുറവുർ പഞ്ചായത്തുകളെ അതിരിടുന്ന ആറാട്ടുപുഴ ജലാശയം സംരക്ഷിക്കാൻ നാളിതുവരെ നടപ്പിലാക്കിയ പദ്ധതികളൊന്നു ലക്ഷ്യം കണ്ടില്ല.2019 ആഗസ്റ്റിൽ ജലവിഭവ വകുപ്പ് തോടിന്റെ അതിരുകൾ കല്ലിട്ട് തിരിക്കാൻ രണ്ടു ലക്ഷത്തി തൊണ്ണൂറായിരം രൂപ അനുവദിച്ചിരുന്നു.റോജി.എം.ജോൺ എം.എൽ.എ പുനരുധാരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ടി.പോൾ, ജയരാധാകൃഷ്ണൻ, കെ.വൈ.വർഗീസ്, ടി.എം വർഗീസ്, ഗ്രേസി റാഫേൽ, ലീലാമ്മ പോൾ, സിജു ഈരാളി, കെ.പി.അയ്യപ്പൻ, ഏല്യാസ്.കെ. തര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചെളിയും പായലും നീക്കം ചെയ്തു തുടങ്ങി
ചെളിയും പായലും നീക്കം ചെയ്ത് തോട് ശുചീകരിച്ച് ആഴം വർദ്ധിപ്പിക്കുന്ന നടപടിയാണ് ഇപ്പോൾ തുടങ്ങുന്നത്.
മൂക്കന്നൂർ പഞ്ചായത്തിലെ എത്തിളച്ചി, പറമ്പിച്ചിറ എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച് മൂന്നു തോട്ടിൽ മാഞ്ഞാലി തോടുമായി സംഘമിക്കുന്ന ആറാട്ടുപുഴക്ക് 8 കിലോമീറ്റർ നീളമാണ് ഉള്ളത് .തോടിന്റെ തുടക്കത്തിലും, അവസാനത്തിലും ഇപ്പോൾ മൂന്നു മീറ്റർ വീതിയേ ഒള്ളൂ. കാളാർ കുഴി മുതൽ കീഴോട്ട് 3 കിലോമീറ്റർ ഭാഗത്ത് 36 മീറ്റർ വരെ വീതിയുണ്ട്.
പ്രോജക്ട് കമ്മിറ്റി
ആറാട്ടുപുഴയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോജിപ്പിച്ച് കൊണ്ടു പോകുന്നതിനായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനമായി ത്രിതല പഞ്ചായത്തുതുകളും, ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രോജക്ട് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തോടി നിരുവശത്തു നിന്നും ചളിയും മണ്ണും കുത്തിയൊഴുകി എത്തുന്നതു തടയുന്നതിനാവശ്യമായ പ്രവർത്തികൾ തുടർച്ചയെന്നോണം നടത്തിയാൽ മാത്രമെ തോടിനെ സംരക്ഷിക്കാനാകൂ.