auto-employers

കൊച്ചി: സങ്കടങ്ങളും ദുരിതങ്ങളും ഒഴിയുന്നില്ല. പക്ഷേ, പള്ളുരുത്തി വെളിപ്പറമ്പിൽ വീട്ടിൽ അഖിലിന് ജീവിതത്തോട് തോൽക്കാനാവില്ല. വീട്ടിൽ തനിക്കായി കാത്തിരിക്കുന്ന ഭാര്യ വിദ്യയും മൂത്തമകൾ അദർവയുമുണ്ട്. അവർക്കായി ഓട്ടോറിക്ഷയിൽ പച്ചക്കറി വിൽപനയുമായി ഇറങ്ങിയിരിക്കുകയാണ് കൊവിഡ് കാലത്ത് അഖിൽ.

സങ്കടക്കടൽ

പെയിന്റിംഗ് ജോലിയായിരുന്നു അഖിലിന്. ഒരുവർഷം മുമ്പാണ് അഖിലിന്റെയും ഭാര്യ വിദ്യയുടെയും ജീവിതത്തിലേക്ക് ഇളയമകൾ ആദിവ വന്നത്. എന്നാൽ,​ ജന്മനാ ഹൃദയ സംബന്ധമായ രോഗമുണ്ടായിരുന്ന കുഞ്ഞിന് ചികിത്സയ്ക്ക് ലക്ഷങ്ങൾ വേണ്ടിയിരുന്നു. സഹായത്തിനായി പലവാതിലുകളും മുട്ടി. അങ്ങനെ ചെല്ലാനം സ്വദേശിയും കുടുംബവും നൽകിയ ധൈര്യത്തിൽ കുഞ്ഞിന്റെ ചികിത്സ തുടങ്ങി. പക്ഷേ,​ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി ആദിവ ജനിച്ചതിന്റെ പത്താംമാസം ജീവിതത്തിൽ നിന്ന് മടങ്ങി. ആദിവയുടെ വിയോഗത്തിൽ സങ്കടക്കടലിലായിരിക്കെയാണ് മറ്റൊരു ദു:ഖം കൂടിയെത്തിയത്. മകളുടെ ചികിത്സയ്ക്ക് സഹായിച്ച കുടുംബത്തിലെ ഗൃഹനാഥന് വൃക്കരോഗം. തങ്ങളുടെ ആപത്തുകാലത്ത് ഒപ്പം നിന്ന അദ്ദേഹത്തെ കൈവിടാൻ അഖിലിന് കഴിയുമായിരുന്നില്ല. അദ്ദേഹത്തിന് തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്തു.

വൃക്ക ദാനം ചെയ്തതോടെ ഭാരപ്പെട്ട ജോലികൾ ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചു. അതിനാൽ പെയിന്റിംഗ് പണി ഒഴിവാക്കി വാടകയ്ക്കെടുത്ത് ഓട്ടോറിക്ഷ ഓടിച്ചു. ഇതിനിടെയാണ് ഇടിത്തീ പോലെ കൊവിഡ് വന്നത്. അതോടെ ഓട്ടം കുറഞ്ഞു. പെരുമ്പടപ്പിലെ വാടക വീടിന്റെ വാടകകുടിശ്ശിക കൂടി വന്നു. രണ്ടാമതൊന്ന് ആലോചിച്ചില്ല. ഓട്ടോയിൽ യാത്രക്കാർക്ക് പകരം പച്ചക്കറികൾ നിറഞ്ഞു. വണ്ടി നഗരത്തിലേക്ക്. നഗരത്തിൽ ഓട്ടോയിൽ കറങ്ങിയാണ് കച്ചവടം.

" സ്വന്തമായി ഒരു വീട് ഇന്നും സ്വപ്നമാണ്. പച്ചക്കറി വിറ്റ് അതുണ്ടാക്കാനാകുമോ എന്നറിയില്ല. പക്ഷേ,​ ജീവിക്കാൻ ഈ തൊഴിൽ ഇപ്പോൾ ചെയ്തേ മതിയാകൂ. "

അഖിൽ