കൊച്ചി: കൊവിഡ് കാല പ്രതിസന്ധിയുടെ നേർകാഴ്ചയായി വാഴക്കുളത്തെ യുവകർഷകന്റെ ആത്മഹത്യയും.
ലോക്ഡൗൺ കാരണം കൈതച്ചക്കയുടെ വിളവെടുപ്പും വിൽപ്പനയും മുടങ്ങിയതോടെ കടക്കെണിയിലായ ആയിരക്കണക്കിന് കർഷകരിൽ ഒരാളാണ് വാഴക്കുളത്ത് ആത്മഹത്യചെയ്ത അനിൽകുമാർ (46) എന്ന യുവസംരംഭകൻ. ഏക്കർകണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ കൃഷിയിലൂടെ 50 ലക്ഷംരൂപയുടെ നഷ്ടമാണ് അനിലിനുണ്ടായത്. ഇതുപോലെ ലക്ഷങ്ങളും കോടികളും നഷ്ടപ്പെട്ട ആയിരക്കണക്കിന് കർഷകർ കേരളത്തിലുണ്ടെന്നാണ് വാഴക്കുളം പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പറയുന്നത്.
മാർച്ച് - ജൂലായ് സീസണാണ് കൈതകൃഷിയുടെ സുവർണകാലം. ഒരുവർഷത്തെ മൊത്തം ആദായത്തിന്റെ 50 ശതമാനവും ഈ 5 മാസങ്ങളിലാണ്. ഇത്തവണവിളവെടുപ്പും കയറ്റുമതിയും പൂർണമായി നിലച്ചു. 2.5 ലക്ഷം ടണ്ണോളം കൈതച്ചക്ക തോട്ടത്തിൽ കിടന്ന് നശിച്ചു.
കൊവിഡിന്റെ ദ്വിമുഖപ്രഹരം
ചരക്ക് ഗതാഗതം മുടങ്ങിയതോടെ കൈതച്ചക്കയുടെ കയറ്റുമതി പൂർണമായും നിലച്ചു. നാമമാത്രമായെങ്കിലും വിളവെടുത്ത പഴങ്ങൾ മാർക്കറ്റിൽ കിടന്നും നശിച്ചു. മുൻ വർഷം കിലോഗ്രാമിന് 40 രൂപവരെ വിലലഭിച്ച കൈതച്ചക്ക ഇത്തവണ 10 രൂപക്കുപോലും വാങ്ങാൻ ആളുണ്ടായില്ല.
അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാടുവിട്ടതും വിളവെടുപ്പ് പ്രതിസന്ധിയിലാക്കി. 25,000ത്തോളം അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് കൈതകൃഷി പച്ചപിടിച്ചിരുന്നത്. ഇവരിൽ 20,000 പേരും കൊവിഡ് കാലത്ത് മടങ്ങിപ്പോയി. അതോടെ കളയെടുപ്പും വളപ്രയോഗവും വിളവെടുപ്പും പ്രതിസന്ധിയിലായി.
കേരളത്തിലെകൈതകൃഷിയുടെ കണക്കുപുസ്തകം
# വിസ്തീർണം 45,000 ഏക്കർ
# പാട്ടത്തുക ഏക്കറിന് ₹ 75,000- 80000
# ശരാശരി വാർഷികവിളവ് 4.5 ലക്ഷം ടൺ
# കർഷകർ 8000
# അന്യസംസ്ഥാന തൊഴിലാളികൾ 25,000
# ബാങ്ക് വായ്പ ₹ 650 കോടിരൂപ
# കൊവിഡ് കാലത്തെ നഷ്ടം ₹ 400 കോടിരൂപ.
കോടികൾ ബാങ്കുവായ്പ എടുത്ത് കൃഷിയിറക്കിയവരാണ് കർഷകരിലേറെയും. കൊവിഡ് കാലത്ത് പ്രഖ്യാപിച്ച മൊറട്ടോറിയം ഈ മാസം അവസാനിക്കും. അതോടെ ബാങ്കുകൾ വായ്പതിരിച്ചടവിന് സമ്മർദ്ദം ചെലുത്താൻ തുടങ്ങും. നിലവിലുള്ള വായ്പയ്ക്ക് പലിശ ഇളവും, പുതുതായി കൃഷിനടത്താൻ പുനർവായ്പയും നൽകിയില്ലെങ്കിൽ കർഷക ആത്മഹത്യകൾ തുടർക്കഥയാകും.
ബേബിജോൺ
പ്രസിഡന്റ്, പൈനാപ്പിൾ ഫാർമേഴ്സ് അസോ.
വാഴക്കുളം