ആലുവ: സപ്ളൈക്കോയ്ക്ക് നെല്ല് നൽകി മാസങ്ങളായിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് കൃഷി ഇറക്കാനാകാതെ യുവകർഷകർ പ്രതിസന്ധിയിൽ. ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ മുണ്ടകൻ പാടശേഖര സമിതിയിലെ അംഗങ്ങളാണ് ഓണക്കാലത്തും പണം ലഭിക്കാത്തതെ ദുരിതത്തിലായത്.
സർക്കാർ പദ്ധതി പ്രകാരം മാസങ്ങളുടെ പ്രയത്നത്തിലാണ് പത്ത് ഏക്കർ തരിശായി കിടന്ന സ്ഥലം ഉഴുതുമറിച്ച് കൃഷിക്ക് അനുയോജ്യമാക്കിയെടുത്തത്. ജനുവരിയിൽ വിത്ത് വിതച്ച് ഏപ്രലിൽ വിളവെടുത്തു. അപ്പോഴേക്കും കൊവിഡ് കേരളത്തിൽ പിടിമുറുക്കിയിരുന്നു. കൊയ്ത്തു കഴിഞ്ഞ് 14 ടൺ നെല്ല് സപ്ലെക്കോയുടെ നിർദേശ പ്രകാരം സ്വകാര്യ മില്ലിന് നൽകി. ഒന്നര ലക്ഷം രൂപ വായ്പയെടുത്തും സുഹൃത്തുക്കളിൽ നിന്നും ലക്ഷങ്ങൾ കടം വാങ്ങിയുമാണ് കൃഷിയിറക്കിയത്. വായ്പ തിരിച്ചടവ് കാലാവധി കഴിയുകയും ചെയ്തു. ഇതിനിടെ കൃഷിക്ക് പിന്തുണ നൽകിയ കടുങ്ങല്ലൂർ കൃഷി ഓഫീസർ സ്ഥലം മാറിപ്പോയി. ഇതോടെ ബന്ധപ്പെട്ട സപ്ലെക്കോ അധികാരികൾ ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാകുന്നില്ലെന്ന് കർഷകർ പറയുന്നു.
കോടികൾ ഇത്തരത്തിൽ സർക്കാർ നൽകാനുള്ളതിനാൽ ഇനിയും പണം ഓവർ ഡ്രാഫ്റ്റായി നൽകാനാവില്ല എന്നാണ് ബാങ്കുകളുടെ നിലപാട്. മൂന്നര ഏക്കർ സ്ഥലത്തേക്ക് കൂടി കൃഷി വ്യാപിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയെങ്കിലും സപ്ലൈക്കോ പണം നൽകാതെ ഇനി കൃഷിയിറക്കാനാവില്ലെന്ന നിലപാടിലാണ് കർഷകർ. കേന്ദ്ര സംസ്ഥാന സർക്കാറുകൾ കൃഷിക്ക് പ്രോത്സാഹനങ്ങൾ നൽകുന്നുണ്ടെങ്കിലും സപ്ളൈക്കോയുടെ ഇത്തരം സംഭവങ്ങൾ യുവകർഷകരെ നിരുത്സാഹപ്പെടുത്തുകയാണെന്നാണ് ആരോപണം.