കൊച്ചി: സപ്ലൈകോ ഓണക്കിറ്റിനായി ഇ-ടെൻഡറിലൂടെ വാങ്ങിയ ശർക്കരയിൽ ഗുണനിലവാരമില്ലാത്തത് തിരിച്ചയയ്ക്കാൻ ഡിപ്പോ മാനേജർമാരോട് സി.എം.ഡി (ഇൻചാർജ്) അലി അസ്ഗർ പാഷ നിർദ്ദേശിച്ചു. ശർക്കര കുറവുണ്ടാകുന്ന ഇടങ്ങളിൽ കിറ്റൊന്നിന് ഒന്നര കിലോ പഞ്ചസാര അധികമായി നൽകും.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 36 സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്കയച്ചിരുന്നു. ഇതിൽ അഞ്ചെണ്ണത്തിന്റെ ഫലം ലഭിച്ചതിൽ മൂന്നും ഗുണനിലവാരം കുറവുള്ളതാണ്. രണ്ടെണ്ണത്തിൽ നിറം ചേർത്തതായും ഒന്നിൽ സുക്രോസിന്റെ അളവ് കുറഞ്ഞിരിക്കുന്നതായും കണ്ടെത്തി.
ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, നെടുങ്കണ്ടം, വൈക്കം, റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ ഡിപ്പോകളിൽ വിതരണക്കാർ നൽകിയ 3620 ക്വിന്റൽ ശർക്കര തിരിച്ചയയ്ക്കാനാണ് നിർദ്ദേശം.