ആലുവ: മുനിസിപ്പൽ ടൗൺ ഹാളിന് പുറകുവശം തുരുത്ത് റെയിൽവേ നടപ്പാലത്തിലേയ്ക്കുള്ള പ്രവേശനപാത കാടുപിടിച്ച് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായതായി പരാതി. ആറടിക്ക് മീതെ വളർന്ന കാട്ടുചെടികൾക്ക് നടുവിൽ ഒന്നരയടി വീതിയിലുള്ള മൺ വഴിയിലൂടെയാണ് തുരുത്ത് സ്വദേശികൾ നടപ്പാലത്തിലേയ്ക്ക് പ്രവേശിക്കുന്നത്.
റെയിൽവേയുടെ ഇരുമ്പ് ഗർഡറുകൾ ഇവിടെ റോഡിൽ തടസം സൃഷ്ടിച്ച് കൊണ്ടു വന്നിട്ടിട്ട് വർഷങ്ങളായി. ഇതിന് സമീപത്തുകൂടി ഒരാൾക്ക് നടക്കാനുള്ള വഴി മാത്രമേയുള്ളു. അവിടമാകെ കാടുപിടിച്ച് കിടക്കുകയാണ്. ദിവസേന നൂറു കണക്കിനാളുകൾ സഞ്ചരിക്കുന്ന പാതയാണ്. ആലുവയിലും, എറണാകുളത്തും ജോലിയെടുക്കുന്ന നിരവധി സ്ത്രീകളാണ് നിത്യവും ഈ വഴി സഞ്ചരിക്കുന്നത്. അവിടെ റോഡ് പൂർണമായും അടച്ചാണ് റെയിൽവേയുടെ തുരുമ്പിച്ച ഗർഡറുകൾ 12 അടി പൊക്കത്തിൽ അട്ടിയിട്ടിരിക്കുന്നത്.
ഇരുട്ട് വീണാൽ യാത്ര ദുഷ്കരം
തെരുവ് വിളക്കുകളില്ലാത്തതിനാൽ കൂരിരുട്ടിലുമാണ്. സന്ധ്യയായാൽ ഇത് വഴി സഞ്ചരിക്കുക ഭീതിയുണർത്തും. പിടിച്ചുപറിക്കാർക്കും സാമൂഹ്യ വിരുദ്ധർക്കും സ്വൈര്യവിഹാര കേന്ദ്രമാണ്. നടപ്പാലം തുടങ്ങുന്നതു മുതൽ ടാറിംഗ് റോഡായിരുന്നു ഏതാനും വർഷം മുമ്പുവരെയുണ്ടായിരുന്നത്.
നടപടി എടുക്കണം: സമന്വയ ഗ്രാമവേദി
തുരുത്ത് റെയിൽവേ നടപ്പാലത്തിലേയ്ക്കുള്ള റോഡ് കാട് വെട്ടിമാറ്റുന്നതിനും, റോഡിൽ അട്ടിയിട്ട ഗർഡറുകൾ നീക്കി സഞ്ചാരയോഗ്യമാക്കുന്നതിനും, വൈദ്യുതി വിളക്കുകൾ തെളിയിക്കുന്നതിനും അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് റെയിൽവേ അധികാരികൾക്കും, മുനിസിപ്പാലിറ്റിയ്ക്കും പരാതി നൽകും.