road-sale
വഴിയോരക്കച്ചവടം പെരുകുന്നു

കുറുപ്പംപടി: ഏറ്റവും തിരക്കേറിയ ആലുവ മൂന്നാർ റോഡിന്റെ പല മേഖലകളിലും അനധികൃത വഴിയോരക്കച്ചവടം പെരുകുന്നു. രായമംഗലം ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ റോട്ടറി ക്ലബ് പരിസരത്ത് തുടങ്ങി കുറുപ്പംപടി ടൗൺ വരെ ഈ വഴിയോരക്കച്ചവടം നീളുന്നുണ്ട്. മത്സ്യം, പച്ചക്കറി, പഴവർഗങ്ങൾ, പലഹാരങ്ങൾ, മുട്ട, പച്ചക്കറി വിത്തുകൾ എന്നിങ്ങനെയുള്ളവയാണ് ഈ റോഡിന്റെ ഇരുവശങ്ങളിലുമായി കച്ചവടം ചെയ്യുന്നത്. തൊട്ടടുത്ത പെരുമ്പാവൂർ നഗരസഭയിൽ അധികൃതർ നൽകുന്ന ലൈസൻസ് അനുസരിച്ചാണ് വഴിയോരക്കച്ചവടം.

വ്യാപാരികൾ പരാതി നൽകി

അധികൃതർ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് കച്ചവടം നടത്തുന്ന നിരവധി വ്യാപാരികളെയാണ് ഇത്തരം കച്ചവടങ്ങൾ സാരമായി ബാധിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കച്ചവടം തീരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അനധികൃത കച്ചവടങ്ങൾ പെരുകുന്നതിനെതിരെ കുറുപ്പംപടിയിലെ വ്യാപാരികളുടെ ഭാഗത്ത് നിന്ന് പരാതികളും ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുവാൻ ഗ്രാമപഞ്ചായത്ത് അധികൃതരോ പൊലീസോ തയ്യാറായില്ല.

ഗതാഗതക്കുരുക്ക് രൂക്ഷം

രായമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലേയ്ക്ക് അനധികൃത കച്ചവടക്കാർ കൂടുതലായി എത്തുന്നു. വൈകുന്നേരങ്ങളിൽ മത്സ്യവില്പനക്കെത്തുന്ന വാഹനങ്ങൾ വഴിയോരത്ത് നിരത്തുന്നതോടെ ഈ പ്രദേശത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്. ചിലപ്പോഴെങ്കിലും ഇവിടെ അപകടങ്ങൾക്കും വഴിവയ്ക്കാറുണ്ട്.